ff

കൊച്ചി: പ്രമുഖ സോഷ്യൽമീഡിയ ആപ്ളിക്കേഷനുകളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്‌റ്റാഗ്രാം എന്നിവ ഇന്നലെ സെർവർ തകരാർമൂലം ആഗോളതലത്തിൽ പണിമുടക്കി. ഫേസ്ബുക്കിന് കീഴിലുള്ള മൂന്ന് ആപ്ളിക്കേഷനുകളും ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചോടെയാണ് ഒട്ടുമിക്ക ഭൂഖണ്ഡങ്ങളിലും പ്രവർത്തനരഹിതമായത്.

ഇക്കാര്യം സ്ഥിരീകരിച്ച ഫേസ്ബുക്ക്, പ്രശ്‌നം അതിവേഗം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ഉപഭോക്താക്കൾ കാട്ടുന്ന 'ക്ഷമയ്ക്ക്" നന്ദിയുണ്ടെന്നും ട്വിറ്ററിൽ കുറിച്ചു. എന്നാൽ, ഇന്ത്യൻ സമയം രാത്രി 10ഓടെയും പ്രശ്‌നം പരിഹരിച്ചിട്ടില്ല.

ഫേസ്ബുക്ക്, ഇൻസ്‌റ്റാഗ്രാം ഉപഭോക്താക്കൾക്ക് ആപ്പിലേക്ക് പ്രവേശിക്കാനായില്ല. ചിലർക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞെങ്കിലും പഴയ പോസ്‌റ്റുകൾ മാത്രമാണ് കാണാനാവുന്നത്. പുതിയ പോസ്‌റ്റുകൾ അയയ്ക്കാനോ കാണാനോ സാദ്ധ്യമായില്ല. വാട്‌സ്ആപ്പിൽ വോയിസ്, വീഡിയോകാളുകൾ പരാജയപ്പെട്ടു. വാട്‌സ്ആപ്പ് മെസേജുകൾ അയയ്ക്കുന്നതിനും തടസമുണ്ടായി.

ഇന്ത്യയിൽ മാത്രം ഫേസ്ബുക്കിന് 41 കോടിയും വാട്‌സ്ആപ്പിന് 53 കോടിയും ഇൻസ്‌റ്റാഗ്രാമിന് 21 കോടിയും ഉപഭോക്താക്കളുണ്ട്. വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. 2019ലും സമാന സെർവർ തകരാർ ഫേസ്ബുക്ക് രേഖപ്പെടുത്തിയിരുന്നു.