kk

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേഡിയില്‍ കര്‍ഷകർ കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വിഷമിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമായ കാര്യങ്ങളാണ് നടന്നത്.. രാജ്യത്ത് ജനാധിപത്യമല്ല,​ ഏകാധിപത്യമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മമത പറഞ്ഞു. ഇതാണോ ബി.ജെ.പി വാഗ്‌ദാനം ചെയ്ത രാമരാജ്യമെന്നും മമത ചോദിച്ചു. കര്‍ഷകര്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ അവിടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറിയെന്നും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. ഭവാനിപുരിലെ ഗുരുദ്വാര സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ.

കഴിഞ്ഞ ദിവസമാണ് യു.പിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച വാഹനം കര്‍ഷക സമരത്തിന് നേരേ പാഞ്ഞ് കയറിയത്. നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കര്‍ഷകര്‍ മൃതദേഹങ്ങളുമായി സമരം ചെയ്തിരുന്നു. കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്നും ഉറപ്പ് നല്‍കിയതോടെയാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിട്ടുനല്‍കുകയും ചെയ്തു. സംഭവസ്ഥലത്തേക്ക് വരാന്‍ ശ്രമിച്ച പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ യു.പി പൊലീസ് തടഞ്ഞിരുന്നു.