റിയാദ്: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തിരിച്ചടിയായി സൗദി അറേബ്യയിൽ രണ്ടുമേഖലകളിൽക്കൂടി സ്വദേശിവത്കരണം നടപ്പാക്കി. റസ്റ്റാറന്റുകൾ, കഫേകൾ, കാറ്ററിംഗ് സർവീസ്, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സ്വദേശിവത്കരണം നടപ്പാക്കിയതായി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വദേശി യുവതീ യുവാക്കൾക്ക് തൊഴിൽ മേഖലയിൽ കൂടുതൽ അവസരം നൽകുന്നതിനാണ് പുതിയ തീരുമാനം,
ജ്യൂസ് കടകൾ, ഫാസ്റ്റ് ഫുഡ് ഉൾപ്പെടെ ഈ വിഭാഗത്തിൽ വരുന്ന റസ്റ്റാറന്റുകളിൽ 20 ശതമാനം സ്വദേശികളെ നിയമിച്ചിരിക്കണം. ഇവ മാളുകൾക്കോ ബിസിനസ് സമുച്ചയങ്ങൾക്കോ അകത്താണ് പ്രവർത്തിക്കുന്നതെങ്കിൽ സ്വദേശിവത്കരണ തോത് 40 ശതമാനമാണെന്നും മന്ത്രാലയം അറിയിച്ചു. ശീതള പാനീയങ്ങൾ, ഐസ്ക്രീം ഉൾപ്പെടെയുള്ള കഫേകളിലെ സ്വദേശവത്കരണ തോത് 30 ശതമാണ്. ഇത് മാളുകൾക്കകത്താണ് പ്രവർത്തിക്കുന്നതെങ്കിൽ 50 ശതമാനം പേർ സ്വദേശികളായിരിക്കണം. .ഇത്തരം സ്ഥാപനങ്ങളിൽ ഒരേ ഷിഫ്റ്റിൽ രണ്ടോ അതിലധികമോ ജീവനക്കാരുള്ള എല്ലാ ഔട്ട്‍ലെറ്റുകൾക്കും ഇത് ബാധകമാണ്.
ഐസ്ക്രീം, പാനീയങ്ങൾ, മറ്റു ഭക്ഷ്യ ഉത്പന്നങ്ങളുടെ വാഹനവിൽപ്പന എന്നിവയ്ക്ക് സ്വദേശികൾക്ക് മാത്രമേ അനുവാദമുള്ളൂ. ആശുപത്രികൾ, സ്‌കൂളുകൾ, ഹോട്ടലുകൾ, അപാർട്ട്മെന്റുകൾ, വില്ലകൾ, ഫാക്ടറികൾ, ഓഫീസുകൾ എന്നിവക്കകത്ത് പ്രവർത്തിക്കുന്ന കഫ്റ്റീരിയ, ഫുഡ് പ്രോസസിംഗ് സ്ഥാപനങ്ങൾ, കാറ്ററിംഗ് സർവീസ് എന്നിവയെ സ്വദേശി വത്കരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ ശുചീകരണ തൊഴിൽ, ചരക്ക് കയറ്റിറക്ക ജോലികൾ എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ഒരു ഷിഫ്റ്റിൽ ഇത്തരം തൊഴിലാളികളുടെ തോത് 20 ശതമാനം കവിയരുത് എന്നത് നിബന്ധനയാണ്. യൂണിഫോമിൽ ജോലി വിഭാഗം പ്രത്യേകം എഴുതി പ്രദർശിപ്പിച്ചിരിക്കണം
300 ച.മീറ്ററിൽ കുറയാത്ത ചില്ലറ വിൽപ്പനക്കാരും 500 ച.മീറ്ററിൽ കുറയാത്ത സൂപ്പർമാർക്കറ്റുകളിലുമാണ് സ്വദേശി വൽകരണ നിർദേശങ്ങൾ ബാധകമാകുക. വിൽപ്പനകേന്ദ്രങ്ങളിലെ ഉപഭോക്‌തൃ അക്കൗണ്ടന്റ്, അക്കൗണ്ടിംഗ് ഫണ്ട് സൂപ്പർവൈസർ, കസ്റ്റമർ റിലേറ്റഡ് സർവീസ് എന്നവയിൽ ആദ്യഘട്ടത്തിൽ തന്നെ 100 ശതമാനം സ്വദേശിവത്കണം നിർബന്ധമാണ്. സെയിൽസിൽ ആകെ തൊഴിലാളികളുടെ 50 ശതമാനം സ്വദേശികളായിരിക്കണം. ആറുമാസത്തിനുള്ളിൽ സെയിൽസ് മേഖലയിലെ സൂപ്പർവൈസർമാരിൽ 100 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കുമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. കൂടാതെ സെക്ഷൻ മാനേജർ, ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ എന്നിവ 50 ശതമാനവും സ്വദേശിവത്കരിക്കും. സ്വദേശിവത്കരണ പദ്ധതികൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു