റിയാദ്: ആന്ധ്രയിലെ രാജാപെട്ട് എന്നയിടത്ത് നിന്നും മെച്ചപ്പെട്ടൊരു ജീവിതം കൊതിച്ച് എട്ട് വർഷം മുൻപ് സൗദിയിലെത്തിയതാണ് വെങ്കട്ട രമണയും മകളുടെ ഭർത്താവായ വിനോദ് കുമാറും. ചതിയനായ സ്‌പോൺസർ ഇരുവരെയും റിയാദിൽ നിന്നും ഇരുനൂറിലധികം കിലോമീറ്റർ അകലെ ദവാദ്‌മിയിലെ അൽ ജില എന്ന മരുഭൂമി പ്രദേശത്ത് കാലിത്തൊഴുത്തിലെത്തിച്ചു. ഹൗസ് ഡ്രൈവർ വിസയിൽ ഇവിടെയെത്തിയ ഇവരുടെ ദുരിത ജീവിതം അവിടെത്തുടങ്ങി.
നാളുകൾക്ക് ശേഷം സ്‌പോൺസറെത്തി വിനോദിനെ 150 കിലോമീറ്റർ ദൂരെ ഒരിടത്ത ഒട്ടകങ്ങളെ മേയ്‌ക്കുന്ന സ്ഥലത്തെത്തിച്ചു. ഇതോടെ വെങ്കട്ട രമണയും വിനോദും തമ്മിൽ കാണാൻ പോലുമാകാതെ അകലത്തിലായി. ഇവർക്കുളള ശമ്പളമൊന്നും നൽകാതെ സ്‌പോൺസർ വഞ്ചിക്കുകയായിരുന്നു. വിവാഹശേഷം നാളുകൾക്കകമാണ് വിനോദ് ഭാര്യാ പിതാവിനൊപ്പം സൗദിയിലെത്തിയത്.
ഇന്ത്യൻ എംബസിക്ക് ഇരുവരുടെയും ബന്ധുക്കൾ ഇവരെ കാണുന്നില്ലെന്ന് കാട്ടി പരാതി നൽകി. ഇവരുടെ ലോക്‌സഭാ മണ്ഡലമായ രാജയമ്പേട്ട് എം.പി മിഥുൻ റെഡ്‌ഡി ഇക്കാര്യം വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ ധരിപ്പിച്ചു. മന്ത്രിയുടെ നേരിട്ടുളള ഇടപെടലിൽ ഇന്ത്യൻ എംബസി ഇവരെ തേടി കണ്ടെത്താൻ ശ്രമം തുടങ്ങി. ദവാദ്‌മിയിലെ മനുഷ്യാവകാശ പ്രവർത്തകർ അന്വേഷിച്ച് വെങ്കട്ട് രമണയെ കണ്ടെത്തി. മതിയായ ചികിത്സ പോലും ലഭിക്കാതെ നിരവധി രോഗങ്ങളാൽ വലയുന്ന വെങ്കട്ട് രമണയെ അവർ തിരിച്ചറിഞ്ഞു. എന്നാൽ വിനോദ് കുമാറിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇദ്ദേഹത്തിനായി അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്.