vismaya

കൊച്ചി: വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാർ ഒരു വിധത്തിലും സഹതാപം അർഹിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാൾ ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ (ഡിജിപി) ടി. എ. ഷാജി കോടതിയെ അറിയിച്ചു.

വിസ്മയ കേസ് സ്ത്രീധന വിപത്തിന് എതിരെയുള്ള പോരാട്ടം ആണെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ കുറ്റപത്രം നൽകിയെന്നതു പ്രതിക്കു ജാമ്യം അനുവദിക്കാൻ കാരണമല്ലെന്നും ടി. എ. ഷാജി വിശദീകരിച്ചു. ജോയിന്റ് ലോക്കറിലാണു വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്നതെന്നു കിരൺ പറയുന്നതു ശരിയല്ലെന്നും, കിരണിന്റെ ലോക്കറിൽ നിന്നാണു സ്വർണം കണ്ടെടുത്തതെന്നും ഡിജിപി വ്യക്തമാക്കി.

അതേസമയം ടിക് ടോക് വീഡിയോകൾ ചിത്രീകരിക്കാറുണ്ടായിരുന്ന വിസ്മയ മണിക്കൂറുകളാണ് ഫോണിൽ ചെലവഴിച്ചിരുന്നതെന്നും, പരീക്ഷ അടുത്തതിനാൽ ഫോൺ ഉപയോഗം വിലക്കിയതും, ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യിച്ചതുമാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമെന്നായിരുന്നു കിരണിന്റെ അഭിഭാഷകന്റെ വാദം.ഹർജി ജസ്റ്റിസ് എം ആർ അനിത വിധി പറയാൻ മാറ്റി.