thaliban

കാബൂൾ: നേരത്തേ ചെയ്ത ഒരു കൊടും പാതകത്തിന് പ്രായശ്ചിത്തം ചെയ്യുകയാണ് താലിബാൻ ഇപ്പോൾ. കഴിഞ്ഞ ഭരണകാലത്ത് ഭീകരർ പീരങ്കി ഉപയോഗിച്ച് നശിപ്പിച്ച ബാമിയാൻ താഴ്‌‌വരയിലെ രണ്ട് ഭീമൻ ബുദ്ധപ്രതിമകൾ നിന്ന സ്ഥലങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ് പുതിയ താലിബാൻ ഭരണാധികാരികൾ. പ്രാദേശിക മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ് സംരക്ഷണ കാര്യം വ്യക്തമാക്കിയത്. പ്രതിമകൾ നിന്ന സ്ഥലം മാത്രമല്ല പ്രവിശ്യയിലെ അമൂല്യവും ചരിത്രപരവുമായ സ്മാരകങ്ങൾ സംരക്ഷിക്കാൻ പരമാവധി ശ്രമിക്കും എന്നാണ് ബാമിയാൻ ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡയറക്ടറേറ്റ് തലവൻ മൗലവി സൈഫ് ഉൽ റഹ്മാൻ മുഹമ്മദി പറയുന്നത്.

ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനാണ് താലിബാന്റെ പുതിയ നീക്കം എന്നാണ് കരുതുന്നത്. ഇതിലൂടെ അന്താരാഷ്ട്ര തലത്തിലുള്ള മോശം ഇമേജ് മാറ്റിയെടുക്കാമെന്നും താലിബാൻ മനക്കോട്ട കെട്ടുന്നു. തകർന്നതും തകർക്കപ്പെട്ടതുമായ ചരിത്രസ്മാരകങ്ങൾ പുനസ്ഥാപിക്കാൻ താലിബാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ രാജ്യത്തിന്റെ നിലിവിലെ സമ്പദ് വ്യവസ്ഥ അതിന് അനുവദിക്കുന്നില്ലെന്നാണ് ഹെറാത്തിന്റെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സൽമയ് സഫ പറയുന്നത്. പൂർണമായ തകർച്ച ഒഴിവാക്കാൻ ഹെറാത്തിലെ നാൽപ്പതുശതമാനത്തോളം ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കോടികളാണ് ഇതിന് വേണ്ടത്.

ഹെറാത് പ്രവിശ്യയിലാണ് ഏറ്റവുമധികം പൈതൃക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. സിറാഡൽ, മുസല്ല സമുച്ചയം, ഗവാർ ഷാദിന്റെ ശവകുടീരം, വലിയ പള്ളി എന്നിവയുൾപ്പെടെ ഏകദേശം 780 ചരിത്ര സ്മാരകങ്ങളാണ് പ്രവിശ്യയിൽ ഉള്ളത്.