കഴിഞ്ഞ ഏതാനും നാളുകളായി സമൂഹ മാദ്ധ്യമങ്ങളിലെ ചർച്ചാവിഷയമാണ് തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചന വാർത്ത. എന്നാൽ ഇത്തരം അഭ്യൂഹങ്ങളോട് ഇരുവരുംപ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തങ്ങൾ വിവാഹബന്ധം വേർപ്പെടുത്തുന്നുവെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് താരങ്ങൾ. സമൂഹമാദ്ധ്യമം വഴിയാണ് ഇരുവരും ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്.
''എല്ലാ സുമനസുകൾക്കും... ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു. ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാദ്ധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു."" എന്നാണ് ഇരുവരും പോസ്റ്റിൽ കുറിച്ചത്. 2017 ഒക്ടോബർ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മിൽ വിവാഹിതരായത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ തന്റെ പേരിൽ നിന്നും അക്കിനേനി എന്ന ഭാഗം ഒഴിവാക്കിയിരുന്നു സാമന്ത. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേർപിരിയുന്നുവെന്ന് അഭ്യൂഹങ്ങൾ വന്നത്.
അതേസമയം ജീവനാംശമായി നാഗചൈതന്യയും കുടുംബവും നൽകാനിരുന്ന 200 കോടി രൂപ സാമന്ത നിരസിച്ചതായാണ് റിപോർട്ടുകൾ. നാഗചൈതന്യയിൽ നിന്നോ കുടുംബത്തിൽ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ടെന്നാണ് സാമന്ത അറിയിച്ചത്.