തിരുവനന്തപുരം: സംസ്ഥാനത്ത് പ്രണയ ബന്ധവുമായി ബന്ധപ്പെട്ടുള്ള ആത്മഹത്യകൾ കൂടിക്കൊണ്ടിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 180 ലേറെ പേരാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് കിളിമാനൂരിലെ പ്ലസ്ടു വിദ്യാർത്ഥിനി കാമുകന് സന്ദേശം അയച്ച ശേഷം ജീവനൊടുക്കിയത്.
പതിനേഴുകാരിയായ അൽഫിയയാണ് വിഷം കഴിച്ച് മരിച്ചത്. വിഷം കഴിക്കുന്ന ചിത്രം അടക്കം കാമുകന് അയച്ചിരുന്നു. ജിഷ്ണു ചതിക്കുകയാണെന്ന ആറിഞ്ഞതോടെയാണ് പെൺകുട്ടി തകർന്നുപോയത്. കൊവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ കഴിയുന്ന സമയത്താണ് ഇയാളെ അൽഫിയ പരിചയപ്പെട്ടത്. വൈകാതെ പ്രണയത്തിലാവുകയും ചെയ്തു.
ജിഷ്ണുവിന് വേറെ ബന്ധങ്ങളുണ്ടെന്ന് അറിഞ്ഞതോടെ അൽഫിയ ഇയാൾക്ക് മെസേജ് അയച്ചിരുന്നു.ചതിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ, യുവാവ് ജീവനൊടുക്കാൻ വെല്ലുവിളിച്ചു . തുടർന്ന് വിഷം കഴിക്കുകയും, ചിത്രം കാമുകനും, അയാളുടെ സുഹൃത്തിനും അയച്ചുകൊടുത്തു. എന്നാൽ പ്രതി ഇക്കാര്യം ആരോടെങ്കിലും പറയുകയോ, രക്ഷിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. പ്രണയത്തിൽ നിന്ന് യുവാവ് പിന്മാറിയതാണ് വിദ്യാർത്ഥിനി ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ജിഷ്ണുവിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.