കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ കണ്ടെത്തിയ ആഡംബര കാറുകൾ എല്ലാം പാട്ടവണ്ടികളെന്നും റോഡിലിറക്കാൻ കഴിയാത്തവയാണെന്നും മോട്ടോർവാഹനവകുപ്പിന്റെ കണ്ടെത്തൽ. കാലാവധി തീരാറായതും എൻജിൻ തകരാറിലായതുമായ എട്ട് കാറുകളാണ് പരിശോധിച്ചത്. ടൊയൊട്ട, മസ്ത, ലാന്‍സ്ക്രൂയിസര്‍, റേഞ്ച് റോവര്‍, ബെന്‍സ്, ഫെറാരി തുടങ്ങിയ കമ്പനികളുടെ കാറുകളാണിവ. മിക്കതിന്റെയും ടയര്‍ തേഞ്ഞ് തീര്‍ന്നിട്ടുണ്ട്. ഇടപാടുകാരെ കബളിപ്പിക്കാൻ വീട്ടിൽ ഇവ പ്രദർശിപ്പിക്കുകയായിരുന്നു.കാറുകള്‍ക്കെല്ലാം തന്നെ രൂപമാറ്റവും വരുത്തിയിട്ടുണ്ടെന്നും മോട്ടോര്‍വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്.
മൂന്ന് വാഹനങ്ങളുടെ രേഖകളുടെ ആധികാരികത കണ്ടെത്താൻ മഹാരാഷ്ട്ര, ഹരിയാന, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി. ഇവിടെ നിന്നുളള റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടർ നപടികൾ എടുക്കുക. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വാഹന വില്‍പ്പനക്കാരില്‍ നിന്ന് കണ്ടം ചെയ്യാറായ വാഹനങ്ങള്‍ തുച്ഛവിലയില്‍ മോൻസൺ വാങ്ങിക്കുകയായിരുന്നു. വാഹനങ്ങള്‍ റോഡില്‍ ഇറക്കാത്തതിനാല്‍ത്തന്നെ നിയമലംഘനം നടത്തിയതായി തെളിയിക്കാനുള്ള സാദ്ധ്യതയും കുറവാണ്. അതിനിടെ,മോൻസന്റെ മൂന്നു ആഡംബര കാറുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിനു മുമ്പ് മോൻസൺ കളവംകോടത്തെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി പഞ്ചാബ് രജിസ്ട്രേഷനിലുള്ള ബെൻസ്, കർണാടക രജിസ്ട്രേഷനിലുള്ള പ്രാഡോ, ഛത്തിസ്ഗഡ് രജിസ്ട്രേഷനിലുള്ള ബി.എം.ഡബ്ല്യൂ എന്നീ കാറുകൾ നല്‍കിയിരുന്നു. വർക്ക് ഷോപ്പ് ഉടമയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു. കാറിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു വരികയാണ്.
മോൻസന്റെ തള്ളുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പരാതിക്കാരോട് മോൻസൺ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. മുംബയിൽ വച്ച് താൻ ഒരാളെ വെടിവച്ചു കൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടുണ്ടെന്നും തനിക്ക് അധോലോകവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മോന്സണ് പരാതിക്കാരോട് പറഞ്ഞിട്ടുണ്ട്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇതിനിടെ തനിക്ക് പരിക്കേറ്റിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചെല്ലാമാണ് അന്വേഷിക്കുന്നത്. ഇവയെല്ലാം മോൻസന്റെ വെറും തള്ളുകളാണെന്നാണ് കരുതുന്നത്. എന്നാൽ ഡൽഹിയിലും ഇന്ത്യയിലെ മറ്റിടങ്ങളിലും ഇയാൾക്ക് ചില ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തുന്നത്.
അതിനിടെ മോൻസൺ 17 ലക്ഷം രൂപ നൽകാനുണ്ടെന്ന് കാട്ടി വ്യവസായി പൊലീസിൽ പരാതി നൽകി. നടത്തറ മിറായ് നിധി എം.ഡി ഹനീഷ് ജോർജാണ്
ഇ- മെയിലിൽ പരാതി സമർപ്പിച്ചത്. സാമ്പത്തിക പരാധീനതയുണ്ടെന്നും മകളുടെ വിവാഹ നിശ്ചയത്തിന് കടമായി നൽകണമെന്നും പറഞ്ഞത് വിശ്വസിച്ചാണ് പണം നൽകിയതെന്നും ഒല്ലൂർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.കഴിഞ്ഞ ഫെബ്രുവരിയിലാണ് മോൻസണെ പരിചയപ്പെട്ടത്. കോസ്മെറ്റോളജിസ്റ്റാണെന്നും, പുരാവസ്തു ശേഖരണമാണ് പ്ര ധാന ബിസിനസെന്നും മോൻസൺ സ്വയം പരിചയപ്പെടുത്തി. പാലിയേക്കരയിലെ വർക്ക്ഷോപ്പിലാണ് മോൻസന്റെ ആഡംബരക്കാറുകളുടെ അറ്റകുറ്റപ്പണി നടത്താറ്. ഇക്കാര്യത്തിനായി തൃശൂരിലെത്തിയപ്പോൾ പലവട്ടം മോൻസൻ തന്റെ സ്ഥാപനം സന്ദർശിച്ചു.. മോൻസണിന്റെ വീട്ടിൽ ഏഴോ എട്ടോ തവണ പോയിട്ടുണ്ട്. കടം നൽകിയ പണത്തിന് ഈടായി ചെക്ക് നൽകാൻ ആവശ്യപ്പെട്ടെങ്കിലും പിറ്റേന്ന് നൽകാമെന്ന് പറഞ്ഞ് ഒഴിഞ്ഞുവെന്നും പരാതിയിൽ പറഞ്ഞു.