കനകൻ! അതായിരുന്നു അയാളുടെ പേര്. ശരീരത്തിന് കനകത്തിന്റെ കാന്തിയൊന്നുമില്ലെങ്കിലും തനി തങ്കം പോലെയായിരുന്നു മനസ് നൂറായിരം പ്രശ്നങ്ങൾ നിറഞ്ഞ ജീവിതത്തിൽ പക്ഷേ ഒരുപാട് മുഖങ്ങളിൽ സംതൃപ്തിയുടെ ചിരി പടർത്തുന്നുണ്ട് അയാൾ.സത്യനും നസീറും ജയനും ഒക്കെ തിളങ്ങിനിന്ന സിനിമാ ലോകത്തോട് ചെറുപ്പം മുതലേ വല്ലാത്ത അഭിനിവേശമായിരുന്നു കനകന്. അഭിനയിക്കാനൊന്നുമല്ല. അല്ലെങ്കിലും അഭിനയം അയാൾക്ക് വശമില്ലല്ലോ.
ജീവിതത്തിൽ പോലും എല്ലാവരും അഭിനയിക്കുന്ന ഈ ലോകത്തെ പച്ചയായ അപൂർവം മനുഷ്യരിലൊരാൾ....
അതാണ് കനകൻ.
ആരാധിച്ചിരുന്ന നടി നടന്മാരെയൊക്കെ ഒന്ന് അടുത്ത് കാണണം... ഒന്ന് മിണ്ടണം... അങ്ങനെയങ്ങനെ ചെറിയ ആഗ്രഹങ്ങൾ. പണ്ടെങ്ങോ കോഴിക്കോട്ടങ്ങാടിയിൽ ജയന്റെ സിനിമയുടെ ഷൂട്ടിംഗ് കണ്ടിട്ടു വന്ന അയൽക്കാരൻ അബൂബക്കറ് പൊടിപ്പും തൊങ്ങലും ചേർത്തു പറഞ്ഞ കഥകളൊക്കെ മനസിൽ കിടന്നങ്ങനെ വിങ്ങുന്നുണ്ട്.
ഉദയാ സ്റ്റുഡിയോ കനകന്റെ സ്വന്തം നാട്ടിലാണെങ്കിലും അതിനകത്തൊന്നുകയറണമെന്നുള്ള ആഗ്രഹം പോലും ഇതുവരെ സാധിച്ചില്ല.
ഒരിക്കലെപ്പോഴോ ഒരു നസീർ സിനിമയുടെ ഷൂട്ടിംഗ് ഉദയായിൽ നടക്കുന്ന കാലം. എന്തായാലും അദ്ദേഹത്തെ ഒന്ന് കാണണമെന്ന കലശലായ പൂതി. ഒന്നുരണ്ട് തവണ ഗേറ്റു വരെ ചെന്ന് കാല് പിടിച്ച് കരഞ്ഞിട്ടും സെക്യൂരിറ്റി കനിഞ്ഞില്ല.
ഒടുക്കം ഇരുട്ട് പരക്കുന്നത് വരെ അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു നടന്നു. പിന്നെ ഇരുട്ടിന്റെ മറവുപറ്റി സ്റ്റുഡിയോയുടെ വലിയ മതിൽ ചാടി. ചാടി വീണിടത്ത് നിന്നും ഒന്ന് നിവരും മുമ്പേ ചൂരലിനുള്ള അടിപൊട്ടി. അങ്ങോട്ട് ചാടിയതിനേക്കാൾ വേഗത്തിൽ തിരികെ ചാടി. എന്നിട്ടും സിനിമയോടുള്ള ആവേശം കുറഞ്ഞില്ല. നസീറും സത്യനുമൊക്കെ മനസിൽ നിന്നും മാഞ്ഞതുമില്ല.
പുതിയ സിനിമ റിലീസായിക്കഴിഞ്ഞാൽ ആദ്യത്തെ ഷോയ്ക്ക് കനകൻ ഹാജരുണ്ടാവും. ചില ദിവസം രണ്ടും മൂന്നും സിനിമ വരെ കണ്ടിട്ടുണ്ട്. കൗമാരത്തിൽ നിന്നും യൗവ്വനത്തിലേക്കുള്ള മാറ്റം കനകന്റെ സിനിമാ പ്രേമത്തിന് കുറവൊന്നും വരുത്തിയില്ല. സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളറിലേക്ക് മാറി. നസീറും ജയനുമൊക്കെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
പുതിയ താരങ്ങൾ ഉദയം ചെയ്തു. കനകൻ മാത്രം മാറിയില്ല. ആയിടയ്ക്കാണ് നാട്ടിൽ ഒരു സിനിമാ ഷൂട്ടിംഗ് എത്തുന്നത്.
ചെറിയൊരു സിനിമ. വലിയ താരങ്ങളൊന്നുമില്ല. ഷൂട്ടിംഗ് കാണാൻ കനകനും പോയി. പ്രൊഡക്ഷനിൽ ജോലി ചെയ്യുന്ന പയ്യൻമാർ നടീനടന്മാരുടെ അടുത്ത് ചെല്ലുന്നതും അവരുമായി സംസാരിക്കുന്നതും അവർക്ക് ചായയും കാപ്പിയുമൊക്കെ കൊണ്ടു കൊടുക്കുന്നതും ഒക്കെ വലിയ അതിശയത്തോടെ അവൻ നോക്കി നിന്നു.
എങ്ങനെയെങ്കിലും അവരോടൊപ്പം ഒരു ജോലി സംഘടിപ്പിക്കണം. അതായി ചിന്ത.
അപ്പോഴൊന്നും അതിൽ നിന്നും കിട്ടുന്ന വരുമാനമല്ല, മറിച്ച് അയാളുടെ മനസിലെ ആ വർണ ലോകത്ത് ഒന്ന് എത്തിപ്പെടുക എന്നത് മാത്രമായിരുന്നു ചിന്ത. എന്തായാലും ആ ചിത്രീകരണ സംഘം അവിടെ നിന്നും പോകുന്നതിന് മുൻപേ തന്നെ പ്രൊഡക്ഷൻ ചീഫിനെ സോപ്പിട്ട് അയാൾ ജോലി തരപ്പെടുത്തി.
''ഇവിടെ ഇപ്പോ ആളുണ്ട്. ... അടുത്ത പടം ഉടനെ തുടങ്ങും... അറിയിക്കാം ... അപ്പോ വന്നാ മതി.""
ചീഫ് പറഞ്ഞു.
അയൽവക്കത്ത് താമസിക്കുന്ന ജോസഫേട്ടന്റെ വീട്ടിലെ ഫോൺ നമ്പർ ചീഫിന്റെ കൈയിൽ കുറിച്ചു നൽകി.
വീടിന് കുറച്ച് അകലെയാണ് ജോസഫേട്ടന്റെ വീട്. പ്രദേശത്ത് ആകെയൊരു ഫോൺ ഉള്ളത് അവിടെയാണ്.
അയാളുടെ മൂത്ത മകൻ അങ്ങ് അമേരിക്കയിലായതു കൊണ്ട് വാങ്ങി വച്ച ഫോണാണ്.
അവിടെ അത്യാവശ്യം ചില ചില്ലറ പണികൾക്കൊക്കെ സഹായിയായിട്ട് കനകനും കൂടാറൊണ്ട്.
കനകനെ അയാൾക്ക് വലിയ കാര്യവുമാണ്. അതുകൊണ്ട് നമ്പർ കൊടുക്കുമ്പോ പുള്ളിക്കാരനോട് ആലോചിച്ചതൊന്നുമില്ല.
തിരിച്ച് പോയപ്പോൾ അവിടെ കയറി വിവരം പറഞ്ഞു. കനകന്റെ സിനിമാ പ്രേമം ശരിക്കറിയാമായിരുന്ന ജോസഫേട്ടനും സന്തോഷം.
''കർത്താവ് കരുണയുള്ളവനാടാ ... നീ കൊറേ ആഗ്രഹിച്ചതല്ലിയോ നടക്കട്ടെ ... വിളി വന്നാ ഞാൻ അറിയിച്ചേക്കാം.""
അങ്ങനെ കുറേ ദിവസം കഴിഞ്ഞു. ഒരു മഴയത്ത് ചൊറിയും കുത്തി വീട്ടിലിരുന്ന് അപ്പന്റെ വായിൽ നിന്ന് പണിക്കൊന്നും പോവാത്തതിലുള്ള തെറിയും അമ്മയുടെ വക ശകാരവും ഒക്കെ കേട്ട് അങ്ങനെയിരിക്കുമ്പോൾ ജോസഫേട്ടന്റെ വാല്യക്കാരൻ വറീത് മാപ്പിള കുടയും ചൂടി കയറി വന്നു.
''ആ സിനിമാക്കാര് വിളിച്ചു ... നാളെ ചെല്ലണംന്ന് പറഞ്ഞു ... കോഴിക്കോട്ടാ .. ദാണ്ടെ ഈ അഡ്രസിൽ ചെല്ലണം ... ജോസപ്പേട്ടൻ കുറിച്ചെടുത്തതാ...""
വറീത് മാപ്പിള ഒരു തുണ്ടു കടലാസ് നീട്ടിക്കൊണ്ട് പറഞ്ഞു. കനകൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
കാര്യമറിയാതെ അപ്പനും അമ്മയും അന്ധാളിച്ചു നിന്നു. വറീത് മാപ്പിള മുണ്ടിന്റെ കോന്തലയിൽ തിരുകി വച്ചിരുന്ന ഒരു അൻപത് രൂപ നോട്ടെടുത്ത് കനകന് നേരെ നീട്ടി.
''ദാണ്ടെ ... ജോസപ്പേട്ടൻ തന്നതാ ... വണ്ടിക്കൂലിക്കും വഴിച്ചെലവിനും... ""
അതുകൂടി കേട്ടപ്പോ കനകന് സ്വർഗം കിട്ടിയതുപോലെ. അന്ന് വൈകിട്ടത്തെ ട്രെയിനിന് കോഴിക്കോട്ടേക്കു തിരിച്ചു.
വിലാസം കണ്ടു പിടിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. അങ്ങനെ കനകനും സിനിമയിലെത്തി.
പെരുമാറ്റത്തിന്റെ ഗുണം കൊണ്ടും മനസിന്റെ നന്മ കൊണ്ടും സിനിമാക്കാർക്കൊക്കെ കനകൻ പ്രിയപ്പെട്ടവനായി.
ചുരുക്കി പറഞ്ഞാ നാലഞ്ച് കൊല്ലം കഴിഞ്ഞപ്പോഴേക്കും കനകന്റെ കൈയീന്ന് ഒരു ചായ വാങ്ങിക്കുടിച്ചിട്ടില്ലാത്ത സിനിമാക്കാർ ഭൂമി മലയാളത്തിലില്ല എന്ന അവസ്ഥയിലായി.
അതിനിടെ ഒരു നാട്ടിൻപുറത്തുകാരി പെങ്കൊച്ചിനെ ജീവിത സഖിയുമാക്കി. അതിൽ കനകന്റെ തനിപ്പകർപ്പായി രണ്ട് മക്കളും. കാലം മുന്നോട്ട് പോയി. കനകൻ പ്രൊഡക്ഷൻ ചീഫായി. സമ്പാദ്യത്തിൽ നിന്ന് നല്ലൊരു തുക ചിലവഴിച്ച് കുറേ പാത്രങ്ങളും അനുബന്ധ സാധനങ്ങളും ഒക്കെ വാങ്ങി. ഒരു പ്രൊഡക്ഷൻ വണ്ടിയും സ്വന്തമാക്കി.
കാര്യങ്ങൾ കുഴപ്പമില്ലാതെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. മിന്നുന്നതെല്ലാം പൊന്നാണെന്ന് വിശ്വസിച്ചിരുന്ന ശുദ്ധഗതിക്കാരനായ കനകനെ ചില സിനിമാക്കാരൊക്കെ പറ്റിക്കാനും തുടങ്ങി. സിനിമകൾ പാക്കപ്പായി കഴിയുമ്പോൾ ഓരോ ഡിപ്പാർട്ട് മെന്റിനെയായി സെറ്റിൽമെന്റിന് വിളിക്കും.
നല്ല നിർമ്മാതാക്കളും കമ്പനിയുമൊക്കെയാണെങ്കിൽ നയാ പൈസ ബാക്കിയില്ലാതെ കൊടുത്തു തീർക്കും.
പക്ഷേ കൂട്ടത്തിൽ ചിലർ ..
കനകനെപ്പോലെയുള്ളവർ അവരുടെ ഇരകളായിരുന്നു.
''കനകാ... നീ... മ്മടെ സ്വന്തം ആളല്ലേ.... ഇപ്പം ച്ചിരി ടൈറ്റ് ... നിന്നോടാവുമ്പം പറഞ്ഞാ മനസിലാവുവല്ലോ ....നീ പൊക്കോ പൈസ അക്കൗണ്ടിൽ ഇട്ടേക്കാം.""
ഇതായിരിക്കും ചിലയിടത്തെ പറച്ചിൽ. അതും കേട്ട് പാവം കനകൻ തിരിച്ചു പോകും. പിന്നെ ഈ സിനിമക്കാരെക്കുറിച്ച് ഒരറിവും ഉണ്ടാകില്ല. വിളിച്ചാലൊട്ട് കിട്ടുകയുമില്ല. ചിലർ ചെക്ക് കൊടുക്കും. നല്ല ഒന്നാന്തരം വണ്ടിച്ചെക്ക്.
അങ്ങനെ കിട്ടിയ ചെക്കുകൾ എല്ലാം കൂടി വലിയൊരു കാൽപ്പെട്ടി നിറഞ്ഞ് വീട്ടിലിരിപ്പുണ്ട്. ഈ പറഞ്ഞ സിനിമകളിൽ ചിലതൊക്കെ തിയേറ്ററിലെത്തി ഹിറ്റാവുകയും ചെയ്യും. അയൽപക്കക്കാരെയും വീട്ടുകാരെയും കൂട്ടുകാരെയും ഒക്കെ കൂട്ടി കനകനും പോയി ആ സിനിമ കാണും. അപ്പോഴും കിട്ടാനുള്ള കാശിന്റെ കണക്കെഴുതിയ വലിയ ഡയറി പോക്കറ്റിലുണ്ടാവും. എന്നാലും കനകന് പരാതിയില്ലായിരുന്നു.
സിനിമയോടുള്ള പ്രേമം കൂടിയതല്ലാതെ കുറഞ്ഞതുമില്ല. കിട്ടാനുള്ളതിന്റെയൊക്കെ കണക്ക് പോലെ തന്നെ കൊടുക്കാനുള്ളതിന്റേയും കണക്ക് കൂടിക്കൂടി വന്നു. രണ്ട് പെൺമക്കൾ കെട്ടുപ്രായത്തിലെത്തി നിൽക്കുന്നു.
കെട്ടുതാലി ഒഴികെ പെണ്ണുംപിള്ളയുടെ കഴുത്തിലും കാതിലുമായി കിടന്നതൊക്കെ പണയ ഉരുപ്പടികളായി.
ചിലത് വിറ്റു. ചിലത് കാലാവധി തികഞ്ഞ് ലേലത്തിൽ പോയി.
മൂത്തവളുടെ കല്യാണം ശരിയായപ്പോ താമസിച്ചിരുന്ന വീടും പറമ്പും വിറ്റ് വാടകവീട്ടിലേക്ക് മാറി.
''ന്റെ കനകാ ... ഇവിടെ ഓരോ സിനിമാക്കാര് മണിമാളിക വെക്കുന്നു ... നീ ഇത്രേം കാലം ഇതുംകൊണ്ട് നടന്നിട്ട് ഒടുക്കം കെടപ്പാടം വിറ്റേതല്ലോ?""
പലരും ചോദിച്ചു.
സിനിമയുടെ വർണമേളം തിയേറ്ററിൽ മാത്രമാണെന്ന് അവരോട് പറയാൻ കനകന് മനസ് വന്നില്ല. അവിടെ എല്ലാവരും ഒരുപോലെയല്ലെന്നും പറഞ്ഞില്ല. അല്ലെങ്കിലും സിനിമയെയും സിനിമാക്കാരെയും പറ്റി മോശം പറയുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല. ഇനി അഥവാ ആരെങ്കിലും പറയുന്നത് കേട്ടാൽ അവിടെ കയറി ഇടപെടുകയും ചെയ്യും. എന്തൊക്കെ വേദനകൾ സമ്മാനിച്ചാലും സിനിമ അയാൾക്ക് ഒരു പ്രത്യേക വികാരമായിരുന്നു. ഈയിടെയായി സിനിമകൾ കുറഞ്ഞു. രണ്ടു മാസത്തെ വാടക കുടിശികയായി.
''അടുത്ത മാസം ഒരു വലിയ പടം വരുന്നുണ്ട്. അത് കഴിഞ്ഞാൽ തരാം.""
കനകൻ പറഞ്ഞത് കേട്ട് വീട്ടുടമ മടങ്ങി. കനകന്റെ അവസ്ഥ അയാൾക്കും മനസിലാകുമായിരുന്നു. കൈയിലുണ്ടെങ്കിൽ അയാൾ കളവ് പറയാറില്ലല്ലോ. പടം തുടങ്ങാൻ ഒരു മാസം കൂടിയുണ്ട്. അതുവരെ പിടിച്ചു നിൽക്കണം.
പലചരക്കു കടക്കാരനോട് കാര്യം പറഞ്ഞു.
''ഒരുമാസം കൂടി ഒന്ന് ക്ഷമിക്കണം.""
ഒരു മാസമല്ലേ... അയാളും സമ്മതിച്ചു. വലിയ പടമാണ് അടുത്തത്. പത്തറുപത് ദിവസം ഷൂട്ടിംഗ് ഉണ്ടെന്നാണ് കൺട്രോളർ പറഞ്ഞത്. അത് കഴിഞ്ഞ് വന്നാൽ വാടകക്കുടിശിക മുഴുവൻ കൊടുത്ത് തീർക്കണം. പലചരക്ക് കടയിലെ ഇടപാട് തീർക്കണം. ഭാര്യയ്ക്ക് നല്ലൊരു സാരിയും ബ്ലൗസും വാങ്ങണം. കുറെയായിട്ട് ഒന്നും വാങ്ങിയിട്ടില്ല. അവളാണെങ്കിൽ ഒന്നും ആവശ്യപ്പെടാറുമില്ല. എങ്കിലും അങ്ങനെയല്ലല്ലോ... പിന്നെ പലിശക്കാർക്കൊക്കെ കുറേശ്ശെ കൊടുത്തു തീർക്കണം.
അതു കഴിഞ്ഞാലേ മനസിനൊരു സമാധാനമാവൂ. രണ്ടാമത്തവൾക്ക് പതിനെട്ടു കഴിഞ്ഞിട്ടേയുള്ളൂ. ആലോചനകളൊന്നും തത്ക്കാലം നോക്കുന്നില്ല. ഡിഗ്രി കഴിയാൻ രണ്ട് കൊല്ലം കൂടി ബാക്കിയുണ്ട്.
അത് കഴിയട്ടെ... അപ്പോഴേക്കും കാര്യങ്ങളൊക്കെ ശരിയാവും. ഓരോന്നോർത്ത് കനകൻ കസേരയിലേക്ക് ചാഞ്ഞു.
ടിവിയിൽ വാർത്ത നടക്കുന്നുണ്ട്. ചൈനയിൽ ഏതോ പുതിയ അസുഖം വന്നിട്ടുണ്ട് പോലും... കുറച്ച് ദിവസമായി അതു തന്നെ വാർത്ത. അയാൾക്ക് അതൊന്നും മനസിലായില്ല. രാത്രി ചുട്ട പപ്പടവും പൊടിയരിക്കഞ്ഞിയും കുടിച്ച് സുഖമായി ഉറങ്ങി. രാവിലെ പതിവുപോലെ രാമചന്ദ്രന്റെ ചായക്കടയ്ക്ക് മുന്നിലെത്തിയപ്പോ കട അടച്ചിട്ടിരിക്കുന്നു.
''ശ്ശെടാ... ഇതെന്തു പറ്റി?""
നേരേ കുറുപ്പിന്റെ കടയിലേക്ക് നടന്നു. അതും അടച്ചിരിക്കുന്നു. പതിവ് തെറ്റിക്കാത്ത ആറ് മണിയുടെ ചേർത്തല ഫാസ്റ്റും കണ്ടില്ല. ആകെയൊരു പന്തികേട്. പത്രക്കാരൻ പയ്യനെ കണ്ടപ്പോൾ കാര്യം തിരക്കി.
''കനകണ്ണാ.... നിങ്ങള് വാർത്തയൊന്നും കണ്ടില്ലിയോ .... ഇന്നലെ രാത്രി മുതല് ലോക്ക് ഡൗണാ...""
അതും പറഞ്ഞ് അവൻ പോയി.
''ലോക്ക് ഡൗൺ?""
അയാൾ ആ വാക്ക് തന്നെ ആദ്യമായി കേൾക്കുകയായിരുന്നു. നേരെ വീട്ടിലേക്ക് വച്ചുപിടിച്ചു. ന്യൂസ് ചാനൽ വച്ചു. കാര്യങ്ങളുടെ ഗൗരവം അയാൾക്ക് മനസിലായി. രണ്ടാഴ്ച. രണ്ടാഴ്ച ലോക്ക് ഡൗൺ. അതിവേഗം സമയം കടന്നു പോയി.
ലോക്ക് ഡൗൺ വീണ്ടും നീണ്ടു. ഒരു മാസം ... രണ്ട് മാസം... പിന്നെയും... തുടങ്ങാനിരുന്ന സിനിമയുടെ കൺട്രോളറെ വിളിച്ചു.
''നടക്കില്ല ചേട്ടാ .... ഇക്കൊല്ലം മിക്കവാറും ഇങ്ങനെ പോവും...""
കനകന് തല കറങ്ങി. വാടക, പലചരക്ക് കടയിലെ കുടിശിക, പലിശകൾ. ലോക്ക് ഡൗൺ വീണ്ടും നീണ്ടു പോയി.
ആശിച്ച് സ്വന്തമാക്കിയ പ്രൊഡക്ഷൻ വണ്ടി കച്ചവടമാക്കി. വേറൊരു വഴിയും മുൻപിലുണ്ടായിരുന്നില്ല.
''പോട്ടെ ... പടം തുടങ്ങുമ്പോ തത്ക്കാലം വാടകവണ്ടി വിളിക്കാം...""
ഭാര്യയെ പറഞ്ഞ് സമാധാനിപ്പിച്ചു. വീണ്ടും ഉദയാസ്തമയങ്ങൾ. പാത്രങ്ങളും സാമഗ്രികളും പഴയവിലയ്ക്ക് വിറ്റു.
''അതും വാടകയ്ക്ക് കിട്ടും .... പോട്ടെ.""
ഇതിനിടെ മകളുടെ പത്തൊൻപതാം പിറന്നാൾ കഴിഞ്ഞു. ഇരുപതിലേക്ക് കാലൂന്നിയ അവൾക്ക് ഓൺലൈൻ ക്ലാസ്സിന് പുതിയ മൊബൈൽ വേണം. അവളുടെ തന്നെ പൊട്ടു കമ്മൽ വിറ്റു. ആകെയുണ്ടായിരുന്ന പൊന്ന്....!
വർഷം ഒന്നു കഴിഞ്ഞു. കൊറോണ മൊത്തത്തിൽ പടർന്നുപിടിച്ച്, പിന്നെ ഒന്നൊതുങ്ങി. ചെറിയ ചെറിയ ഇളവുകൾ ...
സിനിമാ ചിത്രീകരണത്തിന് അനുമതി. പരിചയമുള്ള എല്ലാ കൺട്രോളർമാരെയും വിളിച്ചു. ആകെ തുടങ്ങുന്നത് മൂന്നോ നാലോ ചെറിയ പടങ്ങൾ മാത്രം... ചെറിയ ബഡ്ജറ്റ്.
''പൈസ ഇത്തിരി കുറഞ്ഞാലും വേണ്ടില്ല... സിനിമ കിട്ടിയാൽ മതി...""
കനകന്റെ അപേക്ഷ. എറണാകുളത്ത് ഒരു ചെറിയ പടം കിട്ടി. വണ്ടി വാടകയ്ക്കെടുത്തു. പാത്രങ്ങളും സാമഗ്രികളും വാടകയ്ക്കെടുത്തു. നേരെ എറണാകുളത്തേക്ക്. ഇരുപത് ദിവസത്തെ ഷൂട്ടിംഗാണ്. ഉള്ളതാവട്ടെ... എല്ലാ ദിവസവും ആരോഗ്യ വകുപ്പിന്റെ പരിശോധന. ഒരാൾക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ ഷൂട്ടിംഗ് നിർത്തും.
നിർമ്മാതാവിനെക്കാൾ, സംവിധായകനെക്കാൾ ഒക്കെ പ്രാർത്ഥന കനകനായിരുന്നു.
''ഈശ്വരാ ഒരു കുഴപ്പവും വരുത്തല്ലേ...""
പതിനഞ്ച് ദിവസം കഴിഞ്ഞു.
ബാറ്റാസ്ലിപ്പും മറ്റും എഴുതിയ പേപ്പറുമായി നിർമ്മാതാവിനെ കണ്ടു.
''കുറച്ച് പൈസ കിട്ടിയിരുന്നെങ്കിൽ...""
''എന്താ കനകാ... ഇനി ആകെ അഞ്ച് ദിവസമല്ലേയുളളൂ... ഒന്നിച്ചങ്ങ് തന്നേക്കാം... പോരായോ?""
''മതി...""
അല്ലാതെ വേറൊന്നും പറയാൻ തോന്നിയില്ല. അടുത്ത ദിവസം പെരുമഴയിൽ ഒരു ബംഗ്ലാവിനുള്ളിലെ രംഗത്തിന്റെ ചിത്രീകരണം. പുറത്ത് ടാർപോളിൻ വലിച്ചുകെട്ടിയ ഷെഡിനുളളിൽ നാല് മണി ചായയുടെ തയ്യാറെടുപ്പിലാണ് കനകൻ.
പ്രൊഡക്ഷൻ മാനേജർ ഓടിക്കിതച്ചെത്തി നിർമ്മാതാവിനോട് എന്തോ പറയുന്നു. കനകൻ ചെവി വട്ടം പിടിച്ചു.
നിർമ്മാതാവ് സംവിധായകനെ വിളിക്കുന്നു. കൺട്രോളറെ വിളിക്കുന്നു. എല്ലാവരും മൊബൈലിൽ ന്യൂസ് കാണുന്നു.
ഇടയിലൂടെ തലയിട്ട് കനകനും നോക്കി.
''സംസ്ഥാനത്ത് ഇന്ന് രാത്രി മുതൽ വീണ്ടും ലോക്ക് ഡൗൺ നിലവിൽ വരും. സിനിമാ ചിത്രീകരണങ്ങൾ ഉൾപ്പെടെ നിർത്തിവയ്ക്കാൻ നിർദ്ദേശം.""
സിനിമാ സെറ്റ് മൊത്തത്തിൽ നിശബ്ദമായി. ലൈറ്റുകൾ ഓഫായി. ജനറേറ്റർ കിതച്ചു നിന്നു. അന്ന് രാത്രി തന്നെ എല്ലാവരും വീടുകളിലേക്ക് തിരിച്ചു. കനകൻ സാധനങ്ങളൊക്കെ പാക്ക് ചെയ്ത് വണ്ടിയിൽ കയറ്റി,നിർമ്മാതാവിനെ ചെന്നു കണ്ടു.
''അതേ... കനകാ... ഇതിപ്പം ഓർക്കാപ്പുറത്തായിപ്പോയി ... ഉള്ള കാഷ് ഹോട്ടലിലും ആർട്ടിസ്റ്റിനും ഒക്കെ സെറ്റിൽ ചെയ്തു .... പിന്നെ...""
കുറച്ച് പണം കനകന് നേരെ നീട്ടി അയാൾ തുടർന്നു.
''ഇതൊരു പതിനായിരം രൂപയൊണ്ട്.... തത്ക്കാലം വച്ചോ ... അടുത്ത ഷെഡ്യൂളിൽ ബാക്കി സെറ്റിൽ ചെയ്യാം...""
നിറഞ്ഞു വന്ന കണ്ണുകൾ അയാൾ ആരും കാണാതെ തുടച്ചു. ആ നോട്ടുകൾ വാങ്ങി തിരികെ നടന്നു.
കൂടെയുള്ള നാല് പേരുണ്ട്. വണ്ടിയിലെ ഡ്രൈവറുണ്ട്. ഇതുവരെ ബാറ്റ ഒന്നും കൊടുത്തിട്ടില്ല. അവർക്കും കുടുംബമുണ്ട് ...
രണ്ടായിരം രൂപ എടുത്ത് പോക്കറ്റിൽവച്ചു. വണ്ടിക്ക് ഡീസൽ വേണം. ബാക്കിയുള്ളത് എല്ലാവർക്കുമായി വീതിച്ചു.
''തത്ക്കാലം ഇത് വച്ചോ ... രണ്ട് ദിവസത്തിനകം പൈസ ഞാൻ തരാം...""
രണ്ട് ദിവസത്തിനകം എവിടെനിന്നു കൊടുക്കും എന്നൊന്നും ആലോചിച്ചില്ല. കനകനെ വിശ്വാസമുള്ളതുകൊണ്ട് അവരാരും മറുത്തൊന്നും പറഞ്ഞുമില്ല. രാത്രി വൈകി ആലപ്പുഴ എത്താറാകുമ്പോഴേക്കും ഫോൺ ബെല്ലടിക്കുന്നു.
വണ്ടിക്കാരനാണ്. വാർത്തയൊക്കെ അയാളും കണ്ടുകാണും. ഇനിയിപ്പോ പാത്രക്കാരൻ വിളിക്കും.
പൈസയ്ക്ക് പൈസ തന്നെ വേണം. എവിടുന്നെടുത്ത് കൊടുക്കാൻ? അയാൾ ഫോൺ ഓഫ് ചെയ്തു.
തല നീറിപ്പുകയുന്നു. ഓഫ് ചെയ്തു വച്ച ഫോൺ വീണ്ടും ഒന്നെടുത്തു നോക്കി. എല്ലാ കൺട്രോളർമാർക്കും ഈ നമ്പരാണ് കൊടുത്തിരിക്കുന്നത്. അവരാരെങ്കിലും വിളിച്ചാലോ? പുതിയ ഏതെങ്കിലും പടം എവിടെയെങ്കിലും തുടങ്ങിയാലോ ?
ഒന്നാലോചിച്ച് വീണ്ടും ആ ഫോൺ ഓൺ ചെയ്തു. നിറഞ്ഞ ഇരുട്ടിൽ കോർത്തു പിടിക്കുന്ന രണ്ട് കൈകളുടെ ചിഹ്നം നീലവെളിച്ചത്തിന്റെ അകമ്പടിയോടെ സ്ക്രീനിൽ തെളിഞ്ഞു. ആ വെളിച്ചത്തിൽ അയാളുടെ വിളർത്ത മുഖം.
കുഴിഞ്ഞ കണ്ണുകളിൽ പ്രതീക്ഷയുടെ നേരിയൊരു തിളക്കം അപ്പോഴും ബാക്കി.