cm

തിരുവനന്തപുരം: മോന്‍സൺ മാവുങ്കലുമായുള്ള പൊലീസ് ഉന്നതരുടെ ബന്ധമടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവേ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ 'കുത്തിനോവിച്ച്' മുഖ്യമന്ത്രി. 'ആരൊക്കെ അവിടെപ്പോയി, തങ്ങി, ചികിത്സ തേടി എന്ന് എല്ലാവര്‍ക്കും അറിയാം. മോൻസന്റേത് തട്ടിപ്പ് ആണെന്ന് അറിയാതെ കാണാൻ പോകുന്നവരുണ്ടാകും. അതല്ലാതെ തട്ടിപ്പിന് ബോധപൂർവം സഹായം കൊടുത്തവരുമുണ്ടാകും. ഇതെല്ലാം അന്വേഷിക്കേണ്ടത് പൊലീസ് ആണ്'. കെ സുധാകരന്റെ പേര് പറയാതെ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കോൺഗ്രസിലെ പ്രശ്നം ഇവിടുത്തെ ചെലവിൽ പരിഹരിക്കാൻ നോക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിടി തോമസ് എന്തിനാണ് കെപിസിസി പ്രസിഡന്റിന്റെ പേര് ഇവിടെ പറഞ്ഞത് എന്ന് അറിയില്ലെന്നും സൂചിപ്പിച്ചു.

പിടി തോമസാണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. ശബരിമല ആചാരങ്ങളിൽ ചെമ്പോല വ്യാജമായി ഉണ്ടാക്കിയെന്ന് ആരോപിച്ച പ്രതിപക്ഷം, ജനങ്ങളെ കബളിപ്പിക്കാൻ മോൻസനും സർക്കാരും ഒരു ചാനലും ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി.മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. മോദിയുടെ വിശ്വസ്തനായ ബെഹ്‌റ എങ്ങനെ പിണറായിയുടെ വിശ്വസ്തനായി എന്നും പ്രതിപക്ഷം ചോദിച്ചു. എന്നാൽ ബെഹ്റയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

അന്വേഷണത്തിൽ പ്രതിപക്ഷത്തിന് പരാതി ഉണ്ടോ എന്ന് ചോദിച്ച മുഖ്യമന്ത്രി മോൻസനെതിരായ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ പേരില്ല. തട്ടിപ്പിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ ഒരു ധാക്ഷിണ്യവും ഉണ്ടാകില്ലെന്നും കടുത്ത നടപടിയെടുക്കുമെന്നും സഭയിൽ വ്യക്തമാക്കി. ചെമ്പോല സർക്കാർ ദുരുപയോഗം ചെയ്തെന്ന ആരോപണം ശരിയല്ല, വ്യാജമായി ചെമ്പോല ഉണ്ടാക്കിയെന്നതും അന്വേഷണ പരിധിയിൽ വരും. വ്യാജരേഖ ആർക്കിയോളജി വകുപ്പിനോട് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് മുഖ്യമന്ത്രി അറിയിച്ചു.