actor-vijay

നടൻ വിജയ്‌യും മാതാപിതാക്കളുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും, തന്നെ ഇവർ കാണാൻ ചെന്നപ്പോൾ നടൻ അനുവാദം നൽകിയില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരം വാർത്തകളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്റെ പിതാവും നിർമാതാവുമായ എസ് എ ചന്ദ്രശേഖർ.

വിജയ്ക്ക് തങ്ങളുമായി യാതൊരു പ്രശ്‌നവുമില്ലെന്നും, പ്രചരിക്കുന്ന റിപ്പോർട്ടുകളൊക്കെ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി. ഒരു തമിഴ് മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ചന്ദ്രശേഖർ ആരോപിച്ചു.

'ഞാനും ശോഭയും വിജയ്‌‌‌യെ കാണാനായി അവന്റെ വീടിന്റെ മുന്നിൽ പോയി. സെക്യൂരിറ്റി ഇക്കാര്യം അവനോട് പറഞ്ഞപ്പോൾ, അമ്മയെ മാത്രം അകത്തേക്ക് കടത്തി വിടാൻ പറഞ്ഞു. എന്നാൽ എന്നെ കടത്തി വിടാത്തത് കാരണം ശോഭയും വിജയ്‌യെ കാണേണ്ടെന്ന് പറഞ്ഞു. ഒടുവിൽ മകനെ കാണാൻ കഴിയാതെ ഞങ്ങൾ അവിടെ നിന്ന് പോന്നു.'- ഇങ്ങനെ ഞാൻ പറഞ്ഞെന്നും പറഞ്ഞാണ് വാർത്ത അച്ചടിച്ചു വന്നത്.

ഇത്തരത്തിലൊരു ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കും മകനും ഇടയിൽ പ്രശ്‌നങ്ങളുണ്ട്. ഇല്ല എന്ന് പറയുന്നില്ല. എന്നാൽ അവന് അവന്റെ അമ്മയോട് യാതൊരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഇല്ല. അവർ എന്നും കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്.-ചന്ദ്രശേഖർ പറഞ്ഞു.