ന്യൂഡൽഹി: മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ യു എ പി എ കുറ്റം ചുമത്തി ജയിലിലടച്ചിട്ട് ഇന്ന് ഒരു വർഷം പിന്നിടുന്നു. ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനു വേണ്ടി പോയ കാപ്പനെ പോപ്പുലർ ഫ്രണ്ട് ബന്ധമാരോപിച്ച് യു പി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ മഥുര ജയിലിൽ ആണ് കാപ്പൻ ഉള്ളത്. കാപ്പന് യു പി പൊലീസ് ചികിത്സ പോലും നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ മുമ്പ് രംഗത്ത് വന്നിരുന്നു.
സിദ്ദിഖ് കാപ്പനെതിരെ നടക്കുന്നത് വലിയ നീതിനിഷേധമാണെന്നും ജനാധിപത്യത്തിന്‍റെ പ്രധാന ഭാഗമായ മാദ്ധ്യമങ്ങൾക്കും മാദ്ധ്യമ സ്വാതന്ത്ര്യത്തിനും എതിരെയുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും അബ്ദു സമദ് സമദാനി എം പി പറഞ്ഞു. സിദ്ദീഖ് കാപ്പന്‍റെ മോചനം ആവശ്യപ്പെട്ട് മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം നീക്കങ്ങള്‍ തിരുത്താനും സിദ്ദീഖ് കാപ്പന്‍റെ മോചനം വേഗത്തിലാക്കാനും സർക്കാർ തയാറാവണമെന്നും സമദാനി ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ കൈയേറ്റങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലാവുന്നത്. ഈ സാഹചര്യത്തില്‍ സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായുള്ള പരിശ്രമങ്ങളില്‍ മത സാമുദായിക വിഭാഗീയതകളില്ലാതെ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.
തീവ്രവാദ ബന്ധമുണ്ടെന്ന് കാണിച്ചാണ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കാപ്പന്റെ പല ലേഖനങ്ങളും പ്രകോപനപരമായിരുന്നുവെന്നും കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും 5000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. ഹത്രാസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ സംസ്കാരത്തിനു പിന്നാലെ കാപ്പൻ ജനങ്ങളെ സംഘർഷത്തിനു പ്രേരിപ്പിച്ചതായും ദൃക്സാക്ഷി മൊഴിയുണ്ട്.