വയനാട്: കോൺഗ്രസിൽ നിന്ന് പ്രധാന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഏറ്റവും ഒടുവിൽ കെ പി സി സി നിർവാഹക സമിതി അംഗവും വയനാട് മുൻ ഡി സി സി പ്രസിഡൻ്റുമായ പി വി ബാലചന്ദ്രനാണ് പാർട്ടി വിട്ടത്. കെ എസ്‍ യു മുതൽ തുടങ്ങിയ 52 വർഷത്തെ കോൺഗ്രസ് ബന്ധമാണ് അദ്ദേഹം അവസാനിപ്പിച്ചത്. ഭാവിതീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സി പി എമ്മിൽ ചേരും എന്നാണ് കരുതുന്നത്. സിപിഎം നേതൃത്വവുമായി ബാലചന്ദ്രൻ ചർച്ച നടത്തിയെന്നാണ് സൂചന. ബി ജെ പിയെ പ്രതിരോധിക്കാൻ കോൺഗ്രസിനാകുന്നില്ലെന്നും പിണറായി വിജയൻ മികച്ച നേതാവാണെന്നുമാണ് ബാലചന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് മുതലാണ് പി വി ബാലചന്ദ്രൻ കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ വയനാട് ജില്ലയ്ക്ക് പുറത്തുള്ള ടി സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കിയതും ബാലചന്ദ്രനെ ചൊടിപ്പിച്ചു. കോൺഗ്രസിൻ്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ പരാജയപ്പെട്ടതോടെ അണികൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടെന്നാണ് അദ്ദേഹത്തിന്റെ പ്രധാന കുറ്റപ്പെടുത്തൽ.