ന്യൂഡൽഹി: രാജ്യത്തെ പഴയ വാഹനങ്ങൾ റീ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ് എട്ട് മടങ്ങോളം വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. അടുത്ത വർഷം ഏപ്രിലോടു കൂടിയായിരിക്കും പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നത്. സ്ക്രാപ്പേജ് പോളിസി സർക്കാർ പ്രഖ്യാപിച്ചപ്പോൾ മുതൽ റീ രജിസ്ട്രേഷൻ തുകയിൽ വർദ്ധനവ് വരുമെന്ന് ഉറപ്പായിരുന്നു. ഇന്ന് ഇതിന്മേലുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതോടെ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്.
പുതുക്കിയ നിരക്ക് അനുസരിച്ച് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കാർ റീ രജിസ്റ്റർ ചെയ്യുന്നതിന് 5000 രൂപയാണ് ഫീസിനത്തിൽ അടയ്ക്കേണ്ടത്. നിലവിൽ ഇത് 600 രൂപയാണ്. ഇരുചക്രവാഹനങ്ങൾക്ക് 1000 രൂപയും ഓട്ടോറിക്ഷകൾക്ക് 2500 രൂപയുമാണ് പുതുക്കിയ നിരക്കുകൾ. നിലവിൽ ഇത് യഥാക്രമം 300 ഉം 600 ഉം രൂപയാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കാറുകൾക്ക് റീ രജിസ്ട്രേഷൻ തുക 5000രൂപയിൽ നിന്ന് 40,000 രൂപയായി ഉയർത്തിയിട്ടുണ്ട്.
ഇതിനുപുറമേ 15 വർഷത്തിനു മേൽ പഴക്കമുള്ള ചരക്കു വാഹനങ്ങളുടെ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസും കുത്തനെ ഉയർത്തിയിട്ടുണ്ട്. ചരക്കു ഗതാഗതത്തിന് ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾക്ക് നിലവിലെ ഫീസായ 500 രൂപയിൽ നിന്ന് 1000 രൂപയായും ഓട്ടോറിക്ഷകൾക്ക് 1000 രൂപയിൽ നിന്ന് 3500 രൂപയായും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഫീ ഉയർത്തിയിട്ടുണ്ട്. ടാക്സി ആയി ഉപയോഗിക്കുന്ന കാറുകളുടെ ഫീസ് 7000 രൂപയായിരിക്കും. നിലവിൽ ഇത് 1000 രൂപയാണ്. മീഡിയം ഗുഡ്സ് - പാസഞ്ചർ വാഹനങ്ങളുടെ രജിസ്ട്രേഷൻ തുക 1300ൽ നിന്ന് 10,000 രൂപയായും ഹെവി ഗുഡ്സ് - പാസഞ്ചർ വാഹനങ്ങളുടെ ഫീസ് 1500ൽ നിന്ന് 12500 ആയും ഉയർത്തിയിട്ടുണ്ട്.