കാബൂൾ: പൗരന്മാർക്കുള്ള പാസ്പോർട്ട് വിതരണം പുനസ്ഥാപിച്ച് അഫ്ഗാനിസ്ഥാൻ. ഓഗസ്റ്റിൽ താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ ഈ പ്രക്രിയ മന്ദഗതിയിലാകാൻ തുടങ്ങിയിരുന്നു. ഒരു ദിവസം 5,000 മുതൽ 6,000 വരെ പാസ്പോർട്ടുകൾ നൽകാനാണ് ലക്ഷ്യമിടുന്നതെന്നാണ് പാസ്പോർട്ട് ഓഫീസിന്റെ ആക്ടിംഗ് ഹെഡ് ആലം ഗുൽ ഹഖാനി പറയുന്നത്. സ്ത്രീകൾക്കും പാസ്പോർട്ട് നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.സ്ത്രീകളുടെ അപേക്ഷ പരിശോധിക്കാൻ സ്ത്രീകളെ തന്നെ നിയോഗിക്കുമെന്നും ആലം ഗുൽ ഹഖാനി പറഞ്ഞു.
നിലവിൽ പാസ്പോർട്ടിനായി 100,000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 25,000 അപേക്ഷകളിലാണ് ഇപ്പോൾ തീരുമാനമെടുത്തത്. ശേഷിക്കുന്ന അപേക്ഷകളിലും തീരുമാനം ഉടനുണ്ടാവും. താലിബാനെ ഭയന്ന് നിരവധിപേർ രാജ്യം വിടാൻ ഒരുങ്ങിനിൽക്കുകയാണ്. പാസ്പോർട്ട് ലഭിക്കാത്തതിനാൽ ഇവരുടെ യാത്ര തടസപ്പെട്ടിരിക്കുകയാണ്. പാസ്പോർട്ട് ലഭിച്ചാലും ഇവരുടെ മോഹം നടക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ രാജ്യത്തുനിന്ന് ആവശ്യത്തിന് വിമാന സർവീസുകൾ ഇല്ല എന്നതുതന്നെയാണ് പ്രധാന കാരണം. മറ്റുരാജ്യങ്ങളിൽ നിന്ന് അഫ്ഗാനിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് താലിബാൻ കത്തെഴുതിയിരുന്നു. എന്നാൽ ഒരു രാജ്യവും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.