തിരുവനന്തപുരം : അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച കേരള വോളിബാൾ അസോസിയേഷനെ വീണ്ടും സസ്പെൻഡ് ചെയ്ത് സംസ്ഥാന സ്പോർട്സ് കൗൺസിൽ. കഴിഞ്ഞ ദിവസം കായികമന്ത്രിയുടെ ചേംബറിൽ നടന്ന കൗൺസിൽ ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. ദേശീയ വോളിബാൾ ഫെഡറേഷന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അംഗീകാരം നഷ്ടമായതും സസ്പെൻഷന് കാരണമായി.
ഭാരവാഹി തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളും കോഴിക്കോട്ട് നടത്തിയ ദേശീയ ചാമ്പ്യൻഷിപ്പിലെ സാമ്പത്തികത്തിരിമറികളും സർട്ടിഫിക്കറ്റ് കച്ചവടവും പുറത്തുവന്നതിനാൽ 2018ൽ വോളി അസോസിയേഷനെ കൗൺസിൽ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായി അംഗീകാരം പുനസ്ഥാപിച്ചു. എന്നാൽ അഴിമതി ആരോപണങ്ങളും പരാതികളും ഒന്നിനുപിന്നാലെ ഒന്നായി വന്നതോടെ വീണ്ടും വിലക്കേണ്ടിവരികയായിരുന്നു.അസോസിയേഷന്റെ അംഗീകാരം നഷ്ടമായതോടെ വിദ്യാർത്ഥികളുടെ സ്പോർട്സ് ക്വാട്ട പ്രവേശനമുൾപ്പടെയുള്ള കാര്യങ്ങൾ പ്രശ്നത്തിലായി. ഇതിന് പരിഹാരമായി വോളിബാളുമായി ബന്ധമുള്ളവരെ ഉൾപ്പെടുത്തി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ക്ളബ് രജിസ്ട്രേഷന്റെ പേരിൽ തട്ടിയത് ലക്ഷങ്ങൾ
വോളിബാൾ അസോസിയേഷനെ വിലക്കുന്നതിന് തൊട്ടുമുമ്പ് ക്ളബ് രജിസ്ട്രേഷന്റെ പേരിൽ കോടികൾ തട്ടിയെടുത്തതായി ആരോപണമുയർന്നു. കൊവിഡിന് മുമ്പ് 250 രൂപയായിരുന്ന ക്ളബ് രജിസ്ട്രേഷൻ ഫീസ് അടുത്തിടെ 5000രൂപയായി കുത്തനെ ഉയർത്തിയിരുന്നു. സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തിന് ഒരു കുഴപ്പവുമില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആയിരത്തിധികം പ്രാദേശിക ക്ളബുകളിൽ നിന്നായി ലക്ഷങ്ങൾ പിരിച്ചെടുത്തത്. ക്ളബ് ഫീസ് അടയ്ക്കാനുള്ള അവസാന തീയതിക്ക് പിന്നാലെ വിലക്കും വന്നു. മുൻ വർഷങ്ങളിൽ അതത് ജില്ലാ അസോസിയേഷനുകളിൽ അടയ്ക്കേണ്ടിയിരുന്ന രജിസ്ട്രേഷൻ ഫീസ് ഇത്തവണ സംസ്ഥാന സെക്രട്ടറിയുടെ പെരിന്തൽമണ്ണയിലെ സ്വകാര്യഅക്കൗണ്ടിലേക്ക് അടയ്ക്കാൻ നിർബന്ധിച്ചതിലും ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.