തിരുവനന്തപുരം: ഒരു മാസം കഴിയുമ്പോൾ സ്‌കൂൾ തുറക്കുന്നതിൽ ഏറ്റവും കൂടുതൽ ആഹ്ളാദിക്കുന്നത് ഒരുപക്ഷേ സ്‌കൂൾ കുട്ടികൾ ആയിരിക്കില്ല, വിദ്യാർത്ഥികൾക്ക് ആവശ്യമായ ബാഗ്, കുട തുടങ്ങിയ സാധനങ്ങൾ വിൽക്കുന്ന വ്യാപാരികളായിരിക്കും. കാരണം മറ്റൊന്നുമല്ല കഴിഞ്ഞ ഒന്നര വർഷമായി സ്‌കൂളുകൾ അടഞ്ഞുകിടപ്പാണ്. അതുകൊണ്ട് തന്നെ സ്‌കൂൾ വിപണിയും തകർന്നു. ഇനി അതൊന്ന് പച്ച പിടിക്കുമെന്ന പ്രതീക്ഷയാണ് കച്ചവടക്കാർക്ക്.
നഷ്ടപ്പെട്ടത് രണ്ട് സീസൺ
കഴിഞ്ഞ രണ്ട് സീസണാണ് സ്‌കൂൾ വിപണിക്ക് നഷ്ടപ്പെട്ടത്. കൊവിഡ് വ്യാപനത്തിന് ശമനമുണ്ടായതിനെ തുടർന്ന് ആ സീസൺ തിരിച്ചെത്തുമ്പോൾ വ്യാപാരികളുടെ പ്രതീക്ഷ വാനോളമാണ്. എല്ലാ വർഷവും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സീസണാണ് കച്ചവടക്കാരുടെ ചാകരക്കാലമായി കണക്കാക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ 2020, 2021 വർഷങ്ങളിൽ നിരാശയായിരുന്നു കച്ചവടക്കാർക്ക്. ബാഗ്, കുട, നോട്ടുബുക്ക്, വസ്ത്രങ്ങൾ എന്നിവയാണ് സ്‌കൂൾ തുറക്കലിനോട് അനുബന്ധിച്ച് വിറ്റുപോകുന്ന സാധനങ്ങൾ. നവംബർ മഴ സീസൺ അല്ലെങ്കിൽ കൂടി കാലം തെറ്റി പെയ്യുന്ന മഴ കുട വിപണിക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.
സ്‌കൂൾ ബാഗുകളിലാണ് കച്ചവടക്കാരുടെ പ്രധാന പ്രതീക്ഷ. മിക്ക കടകളിലും പുതിയ ഇനം ബാഗുകൾ എത്തി തുടങ്ങി. തലസ്ഥാനത്തെ മൊത്ത വ്യാപാരികൾ മഹാരാഷട്രയിൽ നിന്നാണ് പൊതുവേ ബാഗുകൾ വിലയ്‌ക്ക് വാങ്ങുന്നത്. ഗുണമേന്മയേറിയതും ഈട് നിൽക്കുന്നതുമായ ബാഗുകൾ അവിടെ നിന്ന് ലഭിക്കുമെന്നതാണ് വ്യാപാരികളെ ആകർഷിക്കുന്നത്. കുട്ടികളെ ആകർഷിക്കാൻ പല വർണങ്ങളിലുള്ള ആകർഷകമായ കുടകൾ വിപണിയിൽ എത്തിക്കഴിഞ്ഞു. ചിത്രങ്ങളും കാർട്ടൂണുകളും മറ്റും ആലേഖനം ചെയ്ത കുടകൾക്കാണ് സ്‌കൂൾ തുറക്കൽ കാലത്ത് ആവശ്യക്കാരേറെ.
സ്‌കൂൾ വിപണിയിലേക്ക് പുതിയ ബാഗുകളും കുടകളും മറ്റും എത്തുന്നുണ്ടെങ്കിലും മുൻകാലങ്ങളിൽ എടുത്ത സ്‌റ്റോക്ക് കെട്ടിക്കിടക്കുകയാണ്. ഇവ എന്തുചെയ്യുമെന്ന് വ്യാപാരികൾക്ക് ഒരു നിശ്ചയവുമില്ല. പഴയ ഡിസൈനിലും മറ്റും ഉള്ളതായതിനാൽ തന്നെ ഇവയൊന്നും ഇനി വിറ്റുപോകുമെന്ന പ്രതീക്ഷയും അസ്ഥാനത്താണ്. ഓഫർ വില നൽകിയാൽപോലും പഴയ സാധനങ്ങൾക്ക് ആവശ്യക്കാരുണ്ടാകുമോയെന്ന സംശയം വ്യാപാരികൾക്കുണ്ട്. മാത്രമല്ല ഓൺലൈനിലൂടെയുള്ള സ്‌കൂൾ ഉൽപന്നങ്ങളുടെ വിൽപന ആഭ്യന്തര വിപണിക്ക് കനത്ത തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. മുതിർന്ന വിദ്യാർത്ഥികൾ പലപ്പോഴും ബാഗുകളും മറ്റും വാങ്ങുന്നത് ഓൺലൈൻ സൈറ്റുകൾ വഴിയാണ്.
ചെറിയ ക്ളാസുകളിലെ കുട്ടികൾക്കുള്ള ബാഗുകൾക്ക് 250 മുതൽ 750 രൂപ വരെ വിലയുണ്ട്. മുതിർന്ന കുട്ടികൾക്കുള്ള ബാഗുകൾക്ക് 500 മുതൽ 2000 രൂപ വരെയും വിലയുണ്ട്.