ന്യൂയോർക്ക് : യു.എൻ പൊതുസഭയിൽ പാകിസ്ഥാനെതിരെ രൂക്ഷവിമർശനമുന്നയിച്ച് ഇന്ത്യ. യു.എന്നിൽ പാക് പ്രതിനിധികൾ സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ അവരുടെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊടും ഭീകരനായ ഒസാമ ബിൻ ലാദനെ പോലുള്ളവരെ രക്തസാക്ഷികളായി മഹത്വവത്കരിക്കുകയാണെന്ന് യു.എന്നിലെ ഇന്ത്യൻ പ്രതിനിധി എ. അമർനാഥ് പറഞ്ഞു.
ആഗോള ഭീകരതയുടെ കേന്ദ്രമാണ് പാകിസ്ഥാനെന്നും യു.എൻ തത്വങ്ങൾ പോലും പരിഗണിക്കാതെ അയൽരാജ്യങ്ങൾക്കെതിരെ അതിർത്തി കടന്ന് തീവ്രവാദത്തിലേർപ്പെടുന്നതിൽ പാകിസ്ഥാൻ മുൻപന്തിയിലാണെന്നും ഇന്ത്യ പറഞ്ഞു. ജമ്മുകാശ്‌മീർ, ലഡാക്ക് ഉൾപ്പടെയുള്ള വിഷയങ്ങളിൽ നിരവധി തവണ ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പാകിസ്ഥാൻ ഉന്നയിച്ചിട്ടുണ്ട്. എന്നാലിവ ഇന്ത്യയുടെ ആഭ്യന്തര കാര്യമായതിനാൽ മറുപടി അർഹിക്കുന്നില്ല. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ആവർത്തിച്ച അമർനാഥ്, പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന പാക് അധീന കാശ്മീർ എത്രയും പെട്ടെന്ന് ഒഴിയണമെന്നും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സഭകളിൽ തെറ്റിദ്ധാരണ പരത്താനുള്ള പാകിസ്ഥാന്റെ ശ്രമം ലോകരാഷ്ട്രങ്ങൾ തള്ളിക്കളയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.