കൊച്ചി: വിവാദമായ മോൻസന്റെ കൈയിലുണ്ടായിരുന്ന ശബരിമല ചെമ്പോല താൻ മോൻസണ് കൈമാറിയതാണെന്ന് സൂചിപ്പിച്ച് തൃശൂർ സ്വദേശിയായ പുരാവസ്‌തു കച്ചവടക്കാരൻ. മോൻസന്റെ സുഹൃത്തായ സന്തോഷിന് താനാണ് ചെമ്പോല കൈമാറിയതെന്നും പരിശോധനയിൽ 300 വർഷം പഴക്കമുണ്ടെന്ന് ഉറപ്പ് വരുത്തിയിരുന്നതായും തൃശൂർ സ്വദേശിയായ ഗോപാലകൃഷ്‌ണൻ പറഞ്ഞു.
ശബരിമലയിൽ വെടിവഴിപാടോ നാളികേര വഴിപാടോ ഒരു പ്രത്യേക വ്യക്തിയെ ഏൽപ്പിച്ചു എന്നതാണ് ചെമ്പോലയിലെ ഉളളടക്കമെന്ന് ഗോപാലകൃഷ്‌ണൻ പറഞ്ഞു. തൃശൂരിലെ ഫിലാറ്റലിക് ക്ളബിലെ ഒരാളിൽ നിന്ന് പണംകൊടുത്തുവാങ്ങിയ ചെമ്പോല സന്തോഷിന് പണം വാങ്ങി താൻ വിറ്റു. ഫിലാറ്റലിക് ക്ളബിലെ ഒരംഗം ചെമ്പോല പരിശോധിച്ച് പഴക്കം ഉറപ്പുവരുത്തിയെന്നും ഇദ്ദേഹം പുരാവസ്‌തു വിദഗ്ദ്ധനാണെന്നും ഗോപാലകൃഷ്‌ണൻ അവകാശപ്പെട്ടു.
മോൻസണെ നേരിട്ട് പരിചയമില്ലെന്നും രണ്ട് കൊല്ലം മുൻപ് സന്തോഷിനാണ് ചെമ്പോല നൽകിയതെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു. മോൻസൺ ഒരിക്കൽ നേരിൽ വിളിച്ചിട്ടുണ്ട്. മോൻസണെ നേരിൽ പരിചയപ്പെടാത്തത് നന്നായെന്നും ഗോപാലകൃഷ്‌ണൻ അഭിപ്രായപ്പെട്ടു. സിനിമയിലെ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് സന്തോഷ് തന്റെ കൈയിൽ നിന്നും ചെമ്പോല വാങ്ങിയതെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു.