septic-tank-construction

കിണർ കുഴിക്കാനും സെപ്റ്റിക് ടാങ്ക് നിർമ്മിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണോ? ആവശ്യമില്ലെന്നാണ്‌ പലരുടെയും തെറ്റിദ്ധാരണ. എന്നാൽ, അനുമതി ആവശ്യമാണ്. കിണര്‍ കുഴിക്കുന്നതിനുള്ള അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ മുനിസിപ്പാലിറ്റി/പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം 75 ല്‍ പ്രതിപാദിക്കുന്നുണ്ട്. സെപ്‌റ്റിക്‌ ടാങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചട്ടം 79(4)ലൂടെ വ്യക്തമാക്കുന്നു.

ഇതനുസരിച്ച്‌ ഏക കുടുംബ വാസഗൃഹങ്ങള്‍ക്കുള്ള സെപ്റ്റിക് ടാങ്ക്, പ്ലോട്ട്‌ അതിരില്‍ നിന്നും 30 സെന്റീമീറ്റര്‍ അകലത്തിലും കിണർ പ്ലോട്ട്‌ അതിരില്‍ നിന്നും 1.2 മീറ്റര്‍ അകലത്തിലും നിര്‍മ്മിക്കാവുന്നതാണ്‌. ഇപ്പോൾ മിക്ക വീടുകളിലും സെപ്റ്റിക് ടാങ്കുകൾ അല്ല, ലീച്ച്പിറ്റുകൾ ആണ് നിർമ്മിക്കുന്നത് എന്നതിനാൽ കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകൾ മലിനമാകുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ ഇനിയുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളുടെയും ഭാഗമായി സെപ്റ്റിക് ടാങ്കുകൾ തന്നെ നിർമ്മിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

പക്ഷേ, ചട്ടം 23(1) പ്രകാരം നോട്ടിഫൈഡ് റോഡിനോടോ 6 മീറ്ററില്‍ കൂടുതല്‍ വീതിയുള്ള അൺ നോട്ടിഫൈഡ് റോഡിനോടോ ചേര്‍ന്ന്‌ വരുന്ന പ്ലോട്ട്‌ അതിര്‍ത്തിയില്‍ നിന്നും 3 മീറ്റര്‍ അകലം വിട്ടു മാത്രമേ ഇത്തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ പാടുള്ളൂ. പ്രധാനപ്പെട്ട മറ്റൊരു കാര്യം കിണറിൽ നിന്നും 7.5 മീറ്റർ അകലത്തിലേ സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ പാടുള്ളു.

ഇതൊക്കെ ശ്രദ്ധിച്ച് നമുക്ക് നിർമ്മാണം നടത്താം.

(മേയർ ആര്യ രാജോന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ച വിവരം)