sateesan

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ സർക്കാർ നിശ്ചയിച്ച സർവെയിലെ അശാസ്‌ത്രീയത പരിഹരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയ്‌ക്ക് നൽകിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

ഒരു വാർഡിലെ അഞ്ച് കുടുംബങ്ങളുടെ വിവരം മൊബൈൽ ഫോൺ ആപ്പ് വഴി ശേഖരിക്കാനാണ് സർക്കാർ തീരുമാനം. ഇതിന് കുടുംബശ്രീയെയും ചുമതലപ്പെടുത്തി. എന്നാൽ യോഗ്യരായ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഇത്തരം സർവെ നടത്തിയില്ലെങ്കിൽ അത് സമഗ്രമാകില്ലെന്നും പരാതിയുള‌ള വിവരവും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മുന്നോക്കക്കാരിലെ എല്ലാ കുടുംബങ്ങളുടെയും വിവരം ശേഖരിക്കാത്ത സർവെ അശാസ്‌ത്രീയമായിരിക്കും. സെൻസസ് മാതൃകയിൽ യോഗ്യരായ ഉദ്യോഗസ്ഥർ വഴിയല്ലാതെ നടത്തുന്ന സ‌ർവെ പ്രഹസനമാണെന്ന ആക്ഷേപം മുഖവിലയ്‌ക്കെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സംസ്ഥാന സ‌ർക്കാർ നടത്തുന്ന സർവെ രീതിയിൽ മുൻപ് എൻ.എസ്.എസും ആക്ഷേപം ഉന്നയിച്ചിരുന്നു. മുഴുവൻ മുന്നാക്കക്കാരുടെയും വീടുകൾ സന്ദർശിക്കാതെ നടത്തുന്ന ഈ സർവെ വഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിവരം ലഭിക്കില്ല. അഞ്ച് കുടുംബങ്ങളുടെ മാത്രം വിവരമെടുത്താൽ അതെങ്ങനെ സമഗ്രമാകുമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചോദിച്ചിരുന്നു.