ആറ് മണിക്കൂറോളം ഫേസ്‌ബുക്കും അനുബന്ധ സമൂഹമാദ്ധ്യമങ്ങളും നിശ്ചലമായപ്പോൾ കമ്പനി സി.ഇ.ഒ മാർക്ക് സക്കർബർഗിന് കിട്ടിയത് എട്ടിന്റെ പണി. സക്കർബർഗിന്റെ സ്വകാര്യ സ്വത്തിൽ ഏതാണ്ട് 700 കോടി ഡോളറാണ് മണിക്കൂറുകൾക്കകം ഇല്ലാതായത്. ഇതോടെ ലോകത്തെ മൂന്നാമത് ഏറ്റവും വലിയ ധനികനായിരുന്ന മാർക്ക് മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിന് പിന്നിലായി അഞ്ചാമതായി.
ഇതിന് പുറമേ തകരാറുണ്ടായി മണിക്കൂറുകൾക്കകം അഞ്ച് ശതമാനത്തോളം ഓഹരിമൂല്യവും ഫേസ്‌ബുക്കിന് ഇടിവുണ്ടായി. ഇതോടെ സെപ്‌തംബർ പകുതി മുതൽ ഇതുവരെ ഇടിഞ്ഞത് 15 ശതമാനത്തോളമായി. തകരാർ സമയത്ത് വൻകിട കമ്പനികൾ ഫേസ്‌ബുക്കിന് നൽകിയ പരസ്യം പിൻവലിച്ചിരുന്നു ഇതായിരുന്നു ഇടിവിന് കാരണമായത്. 140 ബില്യണടുത്തായിരുന്നു സക്കർബർഗിന് ആദ്യം സ്വകാര്യ സ്വത്തുണ്ടായിരുന്നത്. ഇത് തിങ്കളാഴ്‌ചത്തെ ഇടിവോടെ 120.9 കോടി ഡോളറായി.
സെപ്‌തംബർ 13ന് ഫേസ്‌ബുക്കിന്റെ വിവിധ ഉൽപ്പന്നങ്ങളിലുണ്ടായ പ്രശ്‌നങ്ങൾ വാൾ സ്‌ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. കാപിറ്റോൾ കലാപത്തെകുറിച്ച് തെറ്റായ വിവരങ്ങൾ പങ്കുവച്ചതും കൗമാരക്കാരായ പെൺകുട്ടികൾക്ക് ഇൻസ്‌റ്റഗ്രാം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും ഇവയിൽ ചിലതായിരുന്നു. സാങ്കേതിക വിദ്യയിലും അതിന് പുറത്ത് വിവിധ രാജ്യങ്ങളിൽ രാഷ്‌ട്രീയ പക്ഷപാദിത്വം കാണിക്കുന്നതിലും ഫേസ്‌ബുക്ക് മുൻപും വിമർശനം കേട്ടിരുന്നു.