mohanlal

ഷാജി കൈലാസുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ച് മോഹൻലാൽ. 'ഷാജിയുടെ നായകന്മാർ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാർത്ഥ നായകൻ എല്ലായിപ്പോഴും തനിച്ചാണ്. ഈ ചിത്രം കാണുമ്പോൾ നിങ്ങൾക്കത് മനസിലാകും' എന്നാണ് പ്രഖ്യാപന വേളയിൽ ലാൽ പറഞ്ഞത്. ചിത്രത്തിന്റെ പേര് 'എലോൺ'

'ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രമായ നരസിംഹം സംവിധാനം ചെയ‌്ത ഷാജി കൈലാസാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ. ഞാനും ഷാജി കൈലാസുമായി ഒരുപാട് ചിത്രങ്ങളിൽ സഹകരിച്ചിട്ടുണ്ട്. ഷാജിയുടെ നായകന്മാർ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാർത്ഥ നായകൻ എല്ലായിപ്പോഴും തനിച്ചാണ്. ഈ ചിത്രം കാണുമ്പോൾ നിങ്ങൾക്കത് മനസിലാകും. റിയൽ ഹീറോസ് ആർ ഓൾവേയ്‌സ് 'എലോൺ'- മോഹൻലാലിന്റെ വാക്കുകൾ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് രാജേഷ് ജയരാമനാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് മോഹൻലാൽ അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രം. സംവിധായകനാകുന്ന ത്രീഡി ചിത്രം ബറോസും ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമും പൂർത്തിയാക്കാനുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹവും ബി. ഉണ്ണിക്കൃഷ്ണന്റെ ആറാട്ടുമാണ് റിലീസ് കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമയിലും മോഹൻലാലാണ് നായകൻ. ഈ ചിത്രത്തിൽ ബോക്സറുടെ വേഷമാണ് മോഹൻലാലിന്.