sidhu

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ച് പുറത്തുപോയ നവ്‌ജ്യോത് സിദ്ദുവിന് പകരം പുതിയ ആളെ കണ്ടെത്താനുറച്ച് ഹൈക്കമാന്റ്. മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗുമായുള‌ള പോരിനെ തുടർന്ന് അമരീന്ദ‌ർ സ്ഥാനം രാജിവയ്‌ക്കുകയും പകരം ചരൺജിത് സിംഗ് ചന്നി മുഖ്യമന്ത്രിയാകുകയും ചെയ്‌ത് പ്രശ്‌ന പരിഹാരം കണ്ടയുടനെയായിരുന്നു സിദ്ദുവിന്റെ രാജി.

ചന്നിയെ മുഖ്യമന്ത്രിയാക്കിയ ശേഷം അഡ്വക്കേറ്റ് ജനറൽ, ഡിജിപി എന്നീ പദവിയിലും പുതിയ ആളെ വേണമെന്നായിരുന്നു സിദ്ദുവിന്റെ ആവശ്യം. ഇത് മുഖ്യമന്ത്രി ചരൺജിത് ചന്നി ഹൈക്കമാന്റിനെ അറിയിച്ചു. എന്നാൽ സിദ്ദുവിന്റെ സമ്മർദ്ദതന്ത്രത്തിന് മുഖം കൊടുക്കാൻ ഹൈക്കമാന്റ് തയ്യാറായിട്ടില്ല. സിദ്ദുവിന്റെ രാജി അംഗീകരിക്കാനാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്.

താൻ രാഹുലിനും പ്രിയങ്കയ്‌ക്കും ഒപ്പമാണെന്ന് സിദ്ദു കഴിഞ്ഞ ദിവസം ട്വീ‌റ്റ് ചെയ്‌തിരുന്നു. അതേസമയം സ്ഥിരതയില്ലാത്തയാളാണ് സിദ്ദുവെന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചയുടനെ ക്യാപ്‌റ്റൻ അമരീന്ദർ സിംഗ് പ്രതികരിച്ചിരുന്നു. പഞ്ചാബിൽ ഭരണ അസ്ഥിരതയുണ്ടായാൽ പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറ്റ ഭീഷണിയുണ്ടാകാനു‌ള‌ള സാദ്ധ്യതയും അമരീന്ദർ ചൂണ്ടിക്കാട്ടി. മാത്രമല്ല പാക് പ്രധാനമന്ത്രി ഇമ്രാൻഖാനുമായും പാക് സൈനിക മേധാവിയുമായും സിദ്ദുവിനുള‌ള അടുപ്പം സൂചിപ്പിച്ച് സിദ്ദു ദേശവിരുദ്ധനാണെന്നും അമരീന്ദർ അഭിപ്രായപ്പെട്ടിരുന്നു.