sharukh-aryan

മുംബയ്: കഴിഞ്ഞ നാലുവർഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് കുറ്റസമ്മതം നടത്തി ആര്യൻഖാൻ. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആര്യൻ ഇക്കാര്യം വെളിപ്പെടുത്തിയത്. യു.കെയിലും ദുബായിലും താമസിച്ചിരുന്നപ്പോഴും ലഹരി ഉപയോഗിച്ചിരുന്നതായി ആര്യൻ എൻ.സി.ബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.


മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനിടെ ആര്യൻഖാൻ നിറുത്താതെ കരഞ്ഞതായി എൻ.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു. പിതാവ് ഷാരൂഖ് ഖാനുമായി ലാൻഡ് ഫോണിൽ രണ്ട് മിനിട്ട് ആര്യൻ സംസാരിച്ചു.


ആര്യന്റെ ലെൻസ് കെയ്‌സിൽ നിന്നടക്കം ലഹരിമരുന്ന് കണ്ടെടുത്തതായി എൻ.സി.ബി സ്ഥിരീകരിച്ചിരുന്നു. യുവതികളുടെ സാനിട്ടറി പാഡുകൾക്കിടയിൽ നിന്നും മരുന്ന് പെട്ടികളിൽ നിന്നുമായി ചരസ്, എം.ഡി.എം.എ, കൊക്കെയ്ൻ തുടങ്ങിയവ കണ്ടെടുത്തിരുന്നു.


അതേസമയം, ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ച് ആര്യനും അർബാസും കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഗോവ കേന്ദ്രീകരിച്ചുള്ള ഒരാളാണ് തനിക്ക് ലഹരിമരുന്ന് നൽകിയതെന്നായിരുന്നു അർബാസ് മർച്ചന്റ് നൽകിയ മൊഴി.

വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് താൻ ലഹരിമരുന്ന് വാങ്ങിയതെന്ന്‌ കേസിലെ മൂന്നാം പ്രതിയായ നടി മുൻമുൻ ധമേചയും എൻ.സി.ബിയോട് പറഞ്ഞു. ഒരു പഞ്ചനക്ഷത്രഹോട്ടലിന് അടുത്തുവച്ചാണ് ലഹരിമരുന്ന് കൈമാറ്റം ചെയ്‌തെന്നും നടി മൊഴി നൽകിയിട്ടുണ്ട്.
ഫാഷൻ ടിവി മാനേജിംഗ് ഡയറക്ടർ കാഷിഫ് ഖാന്റെ പങ്കാളിത്തോടെയാണ് കപ്പലിൽ ലഹരിവിരുന്നു സംഘടിപ്പിച്ചതെന്നാണ് വിവരം.