കൊച്ചി: ഗായകൻ വി കെ ശശിധരൻ(83) അന്തരിച്ചു. കൊവിഡ് ബാധിതനായിരുന്നു. ചെങ്ങന്നൂരിലെ മകളുടെ വീട്ടിൽവച്ചായിരുന്നു അന്ത്യം.ഗായകനും സാംസ്‌കാരിക പ്രവർത്തകനുമായ ശശിധരൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയാണ്.
വികെഎസ് എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.സിനിമയ്ക്ക് വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.പ്രധാന ആൽബങ്ങൾ: പുത്തൻകലവും അരിവാളും,മധുരം മലയാളം, ബാലോത്സവ ഗാനങ്ങൾ.
1938 ൽ വടക്കൻ പറവൂരിലായിരുന്നു ജനനം.ആലുവ യു സി കോളേജിലെ പഠനത്തിന് ശേഷം തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി.
1993 ൽ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിൽ നിന്നും ഇലക്‌ട്രിക്കൽ വിഭാഗം മേധാവിയായി വിരമിച്ചു. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, ബാലവേദി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു.