monson-mavunkal

കൊച്ചി: മോൻസൺ മാവുങ്കലിനെ പൂട്ടാൻ പൊലീസ് കുരുക്കുകൾ കൂടുതൽ ശക്തമാക്കി. ഇതിനായി പുരാവസ്തു തട്ടിപ്പുകേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തെ വിപുലീകരിച്ചിട്ടു. കൊച്ചി സൈബര്‍ സ്റ്റേഷന്‍ എസ്എച്ച് ഓ ഉൾപ്പടെ പത്ത് ഉദ്യോഗസ്ഥരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തി ഡി ജി പി ഉത്തരവ് പുറപ്പെടുവിച്ചു. ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണവും അന്വേഷണസംഘം വിശദമായി പരിശോധിക്കും. പുരാവസ്തു തട്ടിപ്പ് അടക്കം ആകെ അഞ്ച് കേസുകളാണ് മോൻസനെതിരെ ഇതുവരെ എടുത്തിട്ടുള്ളത്. കഴിഞ്ഞദിവസം മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനെതിരെ ഹൈക്കാേടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണം പൊലീസ് കൂടുതൽ ശക്തമാക്കിയത്.

അതേസമയം, വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിൽ മോൻസൻ നൽകിയ ജാമ്യ ഹർജി എറണാകുളം അഡീഷണഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മദ്ധ്യപ്രദേശ് സർക്കാറിന്‍റെ ഉടമസ്ഥതയിൽ ഉള്ള എസ്റ്റേറ്റിൽ 500 ഏക്കർ ഭൂമി പാട്ടത്തിന് ലഭ്യമാക്കാമെന്ന് വാഗ്‌ദ്ധാനം നടത്തി പാല മീനച്ചിൽ സ്വദേശി രാജീവ് ശ്രീധരിൽ നിന്ന് ഒരു കോടി 62 ലക്ഷം തട്ടിയെന്ന കേസിലാണ് മോൻസനെ ക്രൈംബ്രാ‌ഞ്ച് അറസ്റ്റ് ചെയ്തത്. ഭൂമി ഇടപാടിനായി മോൻസൻ തന്‍റെ ജീവനക്കാരായ നാലുപേരുടെ അക്കൗണ്ടിലൂടെയാണ് പണം വാങ്ങിയതെന്നും ഭൂമി ഇടപാടിലെ ബിനാമി ഇടപാടുകൾ അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.

തട്ടിപ്പിന് പ്രധാനമായും ഉപയോഗപ്പെടുത്തിയ കലിംഗ കല്യാണ്‍ ഫൗണ്ടേഷൻ പാര്‍ട്ണറായ ബം​ഗളൂരു മലയാളിയിൽ നിന്നും രണ്ട് കോടി രൂപയാണ് മോൻസൺ തട്ടിയെടുത്ത്. തട്ടിപ്പിനുവേണ്ടി മാത്രം ഉണ്ടാക്കിയ വെറും കടലാസ് സംഘടനയാണിതെന്നാണ് പൊലീസ് നിഗമനം. ആ നിലയ്ക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച് അവരിലൂടെ സംരക്ഷണം നേടിയെടുത്ത മോൻസൺ മാവുങ്കലിനെതിരായ 10 കോടിയുടെ തട്ടിപ്പു കേസിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം എങ്ങനെ വിശ്വസിക്കുമെന്നാണ് ഇന്നലെ ഹൈക്കോടതി ചോദിച്ചത്. കേസ് പൊലീസ് അന്വേഷിച്ചാൽ മതിയോയെന്ന് ഡി.ജി.പി വ്യക്തമാക്കാനും കോടതി നിർദ്ദേശിച്ചു. ഇക്കാര്യവും ഇതുവരെയുള്ള അന്വേഷണ വിവരങ്ങളും ഉൾപ്പെടുത്തി ഡി.ജി.പി മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഈ കേസിൽ അന്താരാഷ്ട്ര ബന്ധങ്ങളുണ്ടോയെന്ന് ദൈവത്തിനു മാത്രം അറിയാമെന്നും കോടതി വാക്കാൽ പറഞ്ഞു.