gas

തിരുവനന്തപുരം: പെട്രോളിയം ഉത്‌പന്നങ്ങൾ ചരക്കു-സേവന നികുതി (ജി.എസ്.ടി ) പരിധിയിൽ ഉൾപ്പെടുത്തിയാൽ വില കുറയുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. പെട്രോൾ ലിറ്ററിന് എൺപതുരൂപയ്ക്ക് താഴെ നൽകാനാവുമെന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാൽ ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടും പാചക വാതകത്തിന്റെ വില അടിക്കടി കൂടുന്നത് ഈ അവകാശവാദം സത്യമാണോ എന്ന സംശയം ഉയർത്തുന്നുണ്ട്. പാചകവാതകത്തിന് ഇപ്പോൾ അഞ്ചുശതമാനമാണ് ജി.എസ്.ടി. എന്നാൽ ഈ വർഷം ഗാർഹിക സിലിണ്ടറിന് 205 രൂപ 50 പൈസയാണ് കൂട്ടിയത്. ഇന്നുമാത്രം കൂടിയത് 15 രൂപയാണ്. ഇതോടെ കൊച്ചിയിൽ 14.2 കിലോ സിലിണ്ടറിന് 906 രൂപ 50 പൈസയാണ് വില. വാണിജ്യ സിലിണ്ടറിന് ഈ വർഷം കൂടിയതാകട്ടെ 409 രൂപയാണ് .

പെട്രോളും ഡീസലും ജി എസ് ടിയുടെ പരിധിയിൽ വന്നാലും വലിയ ഗുണമില്ലെന്നതിന് തെളിവാണ് പാചകവാതകത്തിന്റെ വിലവർദ്ധനയെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര സർക്കാർ ഇപ്പോൾ പിരിച്ചെടുക്കുന്ന സെസ് നിറുത്തലാക്കിയാലേ വില കുറയൽ എന്നത് യാഥാർത്ഥ്യമാവൂ എന്നും അവർ വ്യക്തമാക്കുന്നു. ഡീസലിന് 28 രൂപയും പെട്രോളിന് 26 രൂപയുമാണ് സെസ്. ഇതിനുപുറമേ, കാർഷിക സെസായി നാലുരൂപ വേറെയും പിരിക്കുന്നുണ്ട്. ഇതെല്ലാമാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലകൂടാനുളള പ്രധാന കാരണം എന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുന്നതിന് അനുസരിച്ചാണ് എണ്ണക്കമ്പനികൾ പ്രെട്രോൾ, ഡീസൽ വിലകൾ കൂട്ടുന്നത്. എന്നാൽ വിലകുറയുമ്പോൾ ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകാൻ കമ്പനികൾ തയ്യാറാവുന്നില്ല. പെട്രോൾ, ഡീസൽ വിലകൾ ഇന്നും കൂടിയിട്ടുണ്ട്. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 105 രൂപ 18 പൈസയും, ഡീസലിന് 98 രൂപ 35 പൈസയുമായി. കുറച്ചുനാളത്തെ ഇടവേളവയ്ക്കുശേഷമാണ് എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലകൾ അടിക്കടി കൂട്ടിത്തുടങ്ങിയത്. കൊവിഡ് വ്യാപനത്തെത്തുടർന്ന് വരുമാനം കുറഞ്ഞ സാധാരണക്കാർക്ക് വിലവർദ്ധന ശരിക്കും ഒരു ഇരുട്ടടിയായിരിക്കുകയാണ്.