ന്യൂഡൽഹി: ലഖിംപൂർ സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചിരിക്കുന്നതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി. ലഖിംപൂർ സംഭവങ്ങളെ ജാലിയൻവാലാ ബാഗ് കൂട്ടകൊലയുമായി ഉപമിച്ച ചന്നി, കർഷകരെ കൂട്ടകൊല ചെയ്തവർ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കുമ്പോൾ, കർഷകരെ പിന്തുണയ്ക്കാൻ എത്തിയ പ്രിയങ്കാ ഗാന്ധിയെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞു. പ്രിയങ്കയെ തടവിൽ പാർപ്പിച്ചിരിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്ന് സൂചിപ്പിച്ച ചന്നി കാർഷിക നിയമങ്ങളും ഉടന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം നാലു കർഷകരെ വാഹനം ഇടിച്ചു കൊലപ്പെടുത്തുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ യു പി സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. നടന്നുപോകുന്ന കർഷകരുടെ ഇടയിലേക്ക് പിന്നിൽ നിന്ന് കേന്ദ്രമന്ത്രിയുടെ മകന്റെ പേരിലുള്ള വാഹനം പാഞ്ഞുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 29 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യത്തിൽ ഒന്നിനു പുറകേ ഒന്നായി രണ്ടു വാഹനങ്ങൾ കർഷകർക്കിടയിലേക്ക് പാഞ്ഞു കയറുന്നത് കാണാം. ഇതോടെ കർഷകർ വാഹന വ്യൂഹത്തെ ആക്രമിക്കുകയായിരുന്നു എന്ന കേന്ദ്രമന്ത്രി ഉൾപ്പടെയുള്ളവരുടെ വാദം പൊളിഞ്ഞു. സമരക്കാരിൽ ചിലർ മൊബൈൽ ഫോണിൽ പകർത്തിയതാണ് ദൃശ്യങ്ങൾ. കോൺഗ്രസ് ട്വിറ്ററിൽ ദൃശ്യങ്ങൾ പങ്കുവച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ബി ജെ പി എം പിയായ വരുൺ ഗാന്ധിയും അടക്കമുള്ളവർ സംഭവത്തെ രൂക്ഷമായി വിമർശിച്ചു.