guruvayoor

തൃശൂർ: ഗുരുവായൂരിൽ ഭക്തരിൽ നിന്ന് പാർക്കിംഗ് ഫീസ് പിരിക്കുന്നതിനെതിരെ ബി ജെ പി രംഗത്ത്. കേന്ദ്ര സർക്കാർ ഗ്രാന്റായി നൽകിയ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പാർക്കിംഗ് ഗ്രൗണ്ടിൽ ഫീസ് പിരിച്ചാൽ ചെയർമാന് പുറത്തിറങ്ങാൻ കഴിയാത്ത തരത്തിലുള്ള സമരം സംഘടിപ്പിക്കുമെന്നാണ് ബി ജെ പി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്റെ മുന്നറിയിപ്പ്.

' ഗുരുവായൂരിലെ മൾട്ടി ലെവൽ പാർക്കിംഗിനായുള്ള ബഹുനില സമുച്ചയം നിർമ്മിച്ചത് കേന്ദ്ര സർക്കാർ പ്രസാദ് പദ്ധതി പ്രകാരം ഗ്രാന്റായി നൽകിയ കോടിക്കണക്കിന് രൂപ ഉപയോഗിച്ചാണ്. സൗജന്യമായി കിട്ടിയ തുക ഉപയോഗിച്ച് നിർമിച്ച ഇവിടെ വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് 30 രൂപയാണ്. ഇത് ദേവസ്വമാണ് പിരിച്ചെടുക്കുന്നത്. ഇത് അനുവദിക്കില്ല. ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യമേർപ്പെടുത്തേണ്ട ദേവസ്വം ഭക്തരെ പിഴിയുകയാണ് ഇത് തുടർന്നാൽ ചെയർമാനെ വഴിയിൽ തടഞ്ഞ് പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിലുള്ള ജനാധിപത്യ രീതിയിലുള്ള സമരം ആരംഭിക്കും- ബി ഗോപാലകൃഷ്ണൻ മുന്നറിയിപ്പ് നൽകി.

എന്നാൽ കെട്ടിടം നിർമിച്ചത് തങ്ങളുടെ സ്ഥലത്താണെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്. ആദ്യം അവിടെ പാർക്കിങ്ങ് ഫീസ് വാങ്ങി ദേവസ്വം പാർക്കിങ്ങ് നടത്തിയിരുന്ന സ്ഥലമാണ്. ജീവനക്കാരുടെ ശമ്പളം, കറണ്ട് ചാർജ് തുടങ്ങി പ്രതിമാസം വലിയ തുക ചെലവാകുന്നുണ്ട്. അതുകൊണ്ടാണ് ചെറിയ ഫീസായ 30 രൂപ ഭക്തരിൽ നിന്ന് ഈടാക്കാൻ തീരുമാനിച്ചത് എന്നാണ് ദേവസ്വം അധികൃതർ പറയുന്നത്.