മുംബയ്: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ അകപ്പെട്ടതിന് ശേഷം താരത്തിന്റെ മുംബയിലെ വീടായ മന്നത്തിൽ ആളൊഴിഞ്ഞ നേരമില്ല. വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന ഷാരൂഖ് ഖാനും കുടുംബത്തിനും പിന്തുണ നൽകാൻ നിരവധി ബോളിവുഡ് താരങ്ങളും സുഹൃത്തുക്കളും മന്നത്തിലേക്ക് ദിവസവും വന്നുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ദീപികാ പദുക്കോൺ, കജോൾ, കരൺ ജോഹർ, രോഹിത്ത് ഷെട്ടി തുടങ്ങി നിരവധി പേർ ഇതിനോടകം ഷാരൂഖിന്റെ വീട്ടിൽ എത്തികഴിഞ്ഞു. കൂടാതെ ഹൃതിക് റോഷന്രെ മുൻ ഭാര്യയും ഫാഷൻ ഡിസൈനറുമായ സൂസൈൻ ഖാൻ അടക്കമുള്ളവർ സാമൂഹിക മാദ്ധ്യമങ്ങളിൽ പരസ്യ പിന്തുണ നൽകിയിട്ടുമുണ്ട്.
എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് താരത്തിന്റെ വീട് സന്ദർശിക്കുന്നത് കുറച്ചു ദിവസത്തേക്ക് ഒഴിവാക്കണമെന്ന് ബോളിവുഡിലെ മറ്റ് അഭിനേതാക്കളോടും സുഹൃത്തുക്കളോടും ഷാരൂഖ് ഖാന്റെ മാനേജർ ആവശ്യപ്പെട്ടിരിക്കുകയാണ്. ബോളിവുഡ് താരങ്ങൾ വരുന്നതും കാത്ത് ഷാരൂഖിന്രെ വീടിന് മുന്നിൽ കാത്തുനിൽക്കുന്ന പാപ്പരാസികളുടെ ശല്യം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്.
അതേസമയം ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ ഇന്നലെ നാല് പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി. ആഡംബര കപ്പലിന്റെ ഉടമയെ ഇന്ന് എൻ സി ബി ചോദ്യം ചെയ്യും. അതേസമയം ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. താരപുത്രനെ മറ്റന്നാൾ കോടതിയിൽ ഹാജരാക്കും.