ishan-kishan

ഷാർജ: രാജസ്ഥാൻ റോയൽസിനെതിരെ ഇന്നലെ മുംബയ് നേടിയ ആധികാരിക ജയം രണ്ട് ടീമുകൾ തമ്മിലുള്ള മത്സരം മാത്രമായിരുന്നില്ല. വർഷങ്ങളായി ഇന്ത്യൻ ടീമിലേക്ക് സ്ഥാനം കൊതിച്ചു നിൽക്കുന്ന രണ്ട് കളിക്കാർ തമ്മിലുള്ള മത്സരം കൂടിയായിരുന്നു. രാജസ്ഥാൻ റോയൽസ് ക്യാപ്ടനും മലയാളിയുമായ സഞ്ജു സാംസണും മുംബയ് ഇന്ത്യൻസിന്റെ ഇഷാൻ കിഷനും തമ്മിലായിരുന്നു മത്സരം. എന്നാൽ നിർണായക മത്സരത്തിൽ സഞ്ജു സമ്മ‌ർദ്ദത്തിനു കീഴടങ്ങിയപ്പോൾ കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി റൺസ് കണ്ടെത്താൻ വിഷമിക്കുന്ന ഇഷാൻ മുംബയെ എട്ടു വിക്കറ്റ് വിജയത്തിലേക്കു നയിക്കുകയായിരുന്നു. ഇഷാൻ വീണ്ടും റൺസ് അടിച്ചു കൂട്ടാൻ ആരംഭിക്കുമ്പോൾ സഞ്ജു കൂടുതൽ സമ്മർദ്ദത്തിലാകുകയാണ്. ഇന്ത്യൻ ടീമിലേക്കുള്ള മത്സരത്തിൽ സഞ്ജുവിന്റെ പ്രധാന എതിരാളിയാണ് ഇഷാൻ.

ഐ പി എല്ലിലെ നിർണായക മത്സരത്തിൽ കനത്ത ബാറ്റിംഗ് തകർച്ചയാണ് രാജസ്ഥാൻ റോയൽസ് നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സഞ്ജുവിന്റെ സംഘത്തിന് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് മാത്രമാണ് നേടാനായത്. നാലുവിക്കറ്റ് വീഴ്ത്തിയ നഥാൻ കൗട്ടർനിലെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് നീഷവും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയ ജസ്പ്രീത് ബുംറയും ചേർന്നാണ് രാജസ്ഥാനെ തരിപ്പണമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബയ് വെറും 8.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസമായി വിജയത്തിലെത്തി. മുംബയ്ക്ക് വേണ്ടി ഇഷാൻ പുറത്താകാതെ 25 പന്തുകളിൽ നിന്ന് 50 റൺസടിച്ചു. രോഹിത് ശർമ്മ (22), സൂര്യകുമാർ (13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

ഈയൊരു പരാജയത്തോടെ രാജസ്ഥാന്രെ പ്ലേഓഫ് പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചപ്പോൾ മുംബയ് തങ്ങളുടെ പ്രതീക്ഷകൾ നിലനിർത്തുകയും ചെയ്തു.

അതേസമയം റൺസ് കണ്ടെത്താൻ വിഷമിച്ചിരുന്ന തന്നെ ബാംഗ്ളൂർ റോയൽസ് ക്യാപ്ടൻ വിരാട് കൊഹ്ലി അടക്കമുള്ളവർ ഒരുപാട് സഹായിച്ചുവെന്ന് ഇഷാൻ കിഷൻ മത്സരശേഷം പറഞ്ഞു. കൊഹ്‌ലിയും ഹാർദിക്കും അടക്കമുള്ള സീനിയർ താരങ്ങൾ തന്നെ ഒരുപാട് സഹായിച്ചുവെന്നും എന്നാൽ ഏറ്റവും വിലയേറിയ ഉപദേശം തന്നത് വെസ്റ്റീൻഡീസിന്റെ കീറോൺ പൊള്ളാർ‌ഡായിരുന്നുവെന്നും ഇഷാൻ പറഞ്ഞു. ഇപ്പോഴത്തെ ഫോം ഇല്ലായ്മയെ കുറിച്ച് വിഷമിക്കേണ്ടെന്നും കഴിഞ്ഞ സീസണിൽ നന്നായി കളിച്ച മത്സരങ്ങളുടെ വീഡിയോ എടുത്ത് കാണാനും പൊള്ളാർഡ് തന്നോട് ആവശ്യപ്പെട്ടുവെന്നും ഇഷാൻ പറഞ്ഞു. പൊള്ളാർഡിന്റെ ഉപദേശം അനുസരിച്ച് താൻ പഴയ വീഡിയോകൾ കണ്ടെന്നും അത് തനിക്ക് ഒട്ടേറെ ആത്മവിശ്വാസം നൽകിയെന്നും ഇഷാൻ സൂചിപ്പിച്ചു.