wasim-akram

ഇസ്ലമാബാദ്: താൻ ഒരിക്കലും ഒരു ദേശീയ ടീമിന്റെയും പരിശീലകനാകാൻ സാദ്ധ്യതയില്ലെന്ന് മുൻ പാകിസ്ഥാൻ ക്യാപ്ടൻ വസീം അക്രം. ദേശീയ ടീം പരിശീലകൻ ആയാൽ വർഷത്തിൽ ചുരുങ്ങിയത് 200 മുതൽ 250 ദിവസമെങ്കിലും തന്റെ കുടുംബത്തെ പിരിഞ്ഞ് നിൽക്കേണ്ടി വരുമെന്നും ഇത് താൻ ആഗ്രഹിക്കുന്നില്ലെന്നും അക്രം പറഞ്ഞു. അതേപോലെ പാകിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാകിസ്ഥാൻ സൂപ്പർ ലീഗിലെ താരങ്ങൾ തന്നോട് സ്ഥിരമായി ഉപദേശം ചോദിക്കാറുണ്ടെന്നും ഇതിനും തനിക്ക് സമയം കണ്ടെത്തേണ്ടി വരുമെന്നും മുൻ പാക് നായകൻ പറഞ്ഞു. പാകിസ്ഥാനിലെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അക്രം ഇത് പറഞ്ഞത്.

എങ്കിൽ പാകിസ്ഥാൻ ടീമിന്റെ പരിശീലകനായികൂടെ എന്ന അവതാരകയുടെ ചോദ്യത്തിന് അതൊരിക്കലും നടക്കില്ലെന്ന് അക്രം പറഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റിന്റെ പരിശീലകനാകാൻ മാത്രം താൻ ഒരു മണ്ടനല്ലെന്ന് അക്രം പറഞ്ഞു. പാകിസ്ഥാൻ ആരാധകർ തങ്ങളുടെ കളിക്കാരോടും പരിശീലകനോടും എത്ര മോശമായാണ് പെരുമാറുന്നതെന്ന് താൻ സാമൂഹിക മാദ്ധ്യമങ്ങളിൽ സ്ഥിരം കാണുന്നുണ്ടെന്നും ഇതറിഞ്ഞ് കൊണ്ട് താൻ എന്തിന് പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്നും അക്രം ചോദിച്ചു. തനിക്ക് പാകിസ്ഥാൻ ആരാധകരുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശവും സ്നേഹവും വളരെ ഇഷ്ടമാണെങ്കിലും സാമൂഹിക മാദ്ധ്യമങ്ങളിൽ അവർ കാണിക്കുന്ന വൃത്തിക്കേട് തനിക്കൊരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അക്രം വ്യക്തമാക്കി.

മുൻ പാകിസ്ഥാൻ താരങ്ങളായ മിസ്ബാ ഉൾ ഹഖും വഖാർ യൂനിസും ദേശീയ ടീമിന്റെ പരിശീലക സ്ഥാനങ്ങളിൽ നിന്നും ഈയിടെ രാജിവച്ചിരുന്നു. മിസ്ബാ മുഖ്യ പരിശീലകനായും വഖാർ യൂനിസ് ബൗളിംഗ് പരിശീലകനായുമാണ് പ്രവർത്തിച്ചിരുന്നത്.