ലോകസുന്ദരിമാർ ഒരുപാടുണ്ടെങ്കിലും പലരുടെയും മനസിൽ ആദ്യം എത്തുന്ന പേര് ഐശ്വര്യ റായിയുടേതായിരിക്കും. വർഷങ്ങൾക്കിപ്പുറവും ഐശ്വര്യയുടെ സൗന്ദര്യത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. കൂടുതൽ സുന്ദരിയായെന്ന് പറയുന്നവരുമുണ്ട്. അത്രത്തോളം ഫാഷൻ സെൻസും ലോകംമുഴുവൻ ആരാധകരും ഈ നടിയ്ക്കുണ്ട്.
പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോഴേല്ലാം പാപ്പരാസികൾ ഐശ്വര്യയുടെ ചിത്രം ക്യാമറകളിൽ ഒപ്പിയെടുക്കാറുമുണ്ട്. ഇവയൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ നടിയുടെ ചില ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.
ഞായറാഴ്ച പാരീസ് ഫാഷൻ വീക്കിനായി റാമ്പിൽ നടന്ന നടിയുടെ ചിത്രങ്ങളിലാണ് ആരാധകരുടെ കണ്ണ് ആദ്യം ഉടക്കിയത്. ഫാഷൻ ഡിസൈനർമാരെ പ്രോത്സാഹിപ്പിക്കാനായി എല്ലാ വർഷവും പാരീസിൽ ഫാഷൻ വീക്ക് സംഘടിപ്പിക്കാറുണ്ട്. ഐശ്വര്യ റായ് ബച്ചൻ പാരീസ് ഫാഷൻ വീക്കിലെ സ്ഥിരസാന്നിദ്ധ്യമാണ്.ലോറിയലിന്റെ ബ്രാൻഡ് അംബാസഡറായാണ് റാംപിൽ എത്താറുള്ളത്. വെളുത്ത വസ്ത്രമണിഞ്ഞാണ് നടി ഇത്തവണ എത്തിയത്.
അതിനുശേഷം ദുബായിൽ നടക്കുന്ന പരിപാടിക്കായി ഐശ്വര്യ തന്റെ വിശ്വസ്തനായ ഡിസൈനർ സബ്യാസാച്ചിക്കൊപ്പം പോയി. കറുത്ത വസ്ത്രവും, ബോൾഡ് ഐലൈനറുമൊക്കെയായി അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. മേക്കപ്പ് ആർട്ടിസ്റ്റ് ആദിത്യ ശർമ്മയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്..