അച്ഛന്റെ സഹസംവിധായകനായി മകൻ ജഗനും

shaji

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് എലോൺ എന്ന് പേരിട്ടു.യഥാർത്ഥ നായകന്മാർ എപ്പോഴും തനിച്ചാണെന്ന അർത്ഥത്തിലാണ് ചിത്രത്തിന് എലോൺ എന്ന പേര് നൽകിയതെന്ന് ടൈറ്റിൽ ലോഞ്ചിൽ പങ്കെടുത്ത് മോഹൻലാൽ പറഞ്ഞു.

ആശീർവാദിന്റെ മുപ്പതാമത്തെ സിനിമയാണിത്. ആദ്യചിത്രമായ നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസാണ്. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന എലോണിന്റെ രചന നിർവഹിക്കുന്നത് രാജേഷ് ജയരാമനാണ്. അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ്: ഡോൺമാക്സ്, കലാസംവിധാനം: സന്തോഷ് രാമൻ, നിർമ്മാണ നിർവഹണം : സിദ്ദു പനയ്ക്കൽ, സജി ജോസഫ്, നിശ്ചല ഛായാഗ്രഹണം: അനീഷ് ഉപാസന.എലോണിൽ ഷാജി കൈലാസിന്റെ സഹസംവിധായകനായി മകൻ ജഗനും പ്രവർത്തിക്കുന്നുണ്ട്. അച്ഛന്റെ ചിത്രത്തിൽ മകൻ ഇതാദ്യമാണ്. നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന കാവൽ എന്ന ചിത്രത്തിലും ജഗൻ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.