rahul-gandhi

ന്യൂഡൽഹി: അപകടത്തിൽ മരണമടഞ്ഞ നാലു കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഉത്തർപ്രദേശ് സർക്കാരിന്റെ അനുമതി ലഭിച്ചു. പൊലീസ് കസ്റ്റ‌ഡിയിലായിരുന്ന പ്രിയങ്കാ ഗാന്ധിയെ വിട്ടയയ്ക്കാനും തീരുമാനമായിട്ടുണ്ട്. ലഖിംപൂരിലെത്തിയ ശേഷം രാഹുലും പ്രിയങ്കയും ലവ്പ്രീത് സിംഗിന്രെ വീട് ആദ്യം സന്ദർശിക്കുമെന്ന് കരുതുന്നു. അതിനു ശേഷം രാമൻ കശ്യപിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം നൻപാറയിലേക്ക് തിരിക്കുമെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു.

ഇവരെ കൂടാതെ എം എൽ എ രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള ആം ആദ്മി സംഘത്തിവും ലഖിംപൂർ സന്ദർശിക്കുന്നതിനുള്ള അനുവാദം നൽകിയിട്ടുണ്ട്. ഇന്നലെ ലഖിംപൂർ സന്ദർശിക്കാൻ എത്തിയ ഇവരെ 15 കിലോമീറ്റർ ദൂരെ വച്ച് പൊലീസ് കസ്റ്റ‌ഡിയിൽ എടുത്തിരുന്നു. ഇത്രയും നാളുകളായി ലഖിംപൂർ സന്ദർശിക്കണമെന്നുള്ള പ്രതിപക്ഷ പാർട്ടി നേതാക്കന്മാരുടെ ആവശ്യത്തിന് ഉത്തർപ്രദേശ് പൊലീസ് അനുമതി നൽകിയിരുന്നില്ല.

ഇന്ന് രാവിലെ രാഹുൽ ഗാന്ധി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെയും ബി ജെ പിക്കെതിരെയും കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. രാജ്യത്ത് ഏകാധിപത്യം ആണ് നടക്കുന്നതെന്നും ഭരണപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകളെ ചൂണ്ടിക്കാണിക്കാൻ പോലും പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും രാഹുൽ ആരോപിച്ചിരുന്നു.