കവിത നീതി പുലർത്തി
കടലാഴ മുഴക്കങ്ങൾ എന്ന ശീർഷകത്തിൽ എ.കെ അനിൽ കുമാർ എഴുതിയ കവിത വായിച്ചു. ഏറെ സ്വാദിഷ്ടവും നിലവാരമുള്ളതുമായ കവിതയാണെന്നതിൽ സംശയമില്ല. വരികളിലൂടെ കാവ്യ ഉള്ളറകളിലേക്ക് ഊളിയിട്ടാൽ പ്രണയം ആണ് ലഭ്യമാകുന്നത്. പ്രണയ സല്ലാപങ്ങളുടെ അകവും പുറവും പരിശോധിച്ചാൽ നിശാശലഭ ചിറകൊച്ചകളല്ലാതെ കവിതയിൽ മറ്റൊന്നുമില്ല. പുതിയ കവികൾ എപ്പോഴും പ്രണയം മാത്രം ആണ് വിശദീകരിക്കുന്നത്. പ്രണയം തെറ്റ് ആണെന്നൊന്നുമല്ല പറഞ്ഞു വരുന്നത്. ദാന്തെ, ഉമർ ഖയ്യാം, ഖലീൽ ജിബ്രാൻ തുടങ്ങിയ ലോക പ്രശസ്ത പ്രതിഭാ നാരികൾ പ്രണയം വിഷയം ആക്കിയിട്ടുണ്ട്. ദൈവം പോലും കരുണ രസം ആണല്ലോ. കെട്ടിലും മട്ടിലും അക്ഷര ക്രമീകരണങ്ങളിലും കവിത നീതി പുലർത്തുന്നു. നല്ല നല്ല ബിംബങ്ങളുടെ ആകസ്മികമായ കൂടിച്ചേരലുകൾ ആണ് കടലാഴ മുഴക്കങ്ങൾ. കവിത മൊത്തം രാക്കിനാവാണ്. സത്യത്തിന്റെ അംശങ്ങൾ ഇല്ല. ലോകപ്രശസ്ത മിസ്റ്റിക് ചിന്തകനായ ജലാലുദ്ദീൻ റൂമി പറഞ്ഞു. നീ കലയെയും പ്രേമത്തെയും പുകഴ്ത്തിക്കൊണ്ട് കണ്ണീരൊഴുക്കുകയും വിങ്ങി പൊട്ടുകയും ചെയ്യുക. നന്ദി കവിക്കും കേരള കൗമുദി വാരികയ്ക്കും.
വി.കെ.എം കുട്ടി
ഈസ്റ്റ് മലയമ്മ
ആർ.ഇ.സി കാലിക്കറ്റ്
പി.എസ്.സി ഉപകാരപ്രദം
ആഴ്ചപ്പതിപ്പിൽ നൽകുന്ന പി.എസ്.സി അറിയുകൾ ഏറെ പ്രയോജനകരമാണെന്ന് അറിയിക്കട്ടെ. എല്ലാവിധ അറിവുകളുടെയും ഒരു സംഗ്രഹമാണിത്. കാത്തിരുന്നു തന്നെ വായിക്കുന്ന പംക്തിയാണിത്. പേജുകളുടെ എണ്ണം കൂട്ടണമെന്നും ആഗ്രഹിക്കുന്നു. അതേ പോലെ വാരികയിലെ കഥകൾ നല്ല നിലവാരം പുലർത്തുന്നു എന്നറിയിക്കട്ടെ. വ്യത്യസ്ത ജീവിതപരിസരത്തു നിന്നുള്ള അനുഭവങ്ങൾ ത്രസിപ്പിക്കുന്ന എഴുത്തുകളാണ് ഇവയോരോന്നും. നന്ദി.
ഗോപികാ അനിൽ,
കുലശേഖരപുരം.
അനുസിതാരയുടെ അഭിമുഖം നന്നായി
അനു സിതാരയുടെ വിശേഷങ്ങൾ നന്നായിരുന്നു. ജീവിതം തുറന്നുപറഞ്ഞ ഒരു അഭിമുഖം. അതിൽ അനു സിതാരയുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ഉണ്ടായിരുന്നു. അനുവിന്റെ കവർ ഫോട്ടോയും നന്നായിരുന്നു. ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചും യാത്രകളെ കുറിച്ചും അനു സിതാര മനസ്സ് തുറന്നപ്പോൾ അത് ശരിക്കും ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെ രസകരമായ അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു, മോഹൻലാലിന്റെ പുതിയ ചിത്രത്തിൽ അനുവിനെ കാണാൻ കാത്തിരിക്കുന്നു.
തങ്കച്ചൻ
അടൂർ
പ്രബന്ധ രചനാമത്സരം
വക്കം മൗലവിയും കേരള നവോത്ഥാനവും"എന്ന വിഷയത്തിൽ വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധ രചനാമത്സരം നടത്തുന്നു. 10 പേജിൽ കവിയാതെ കോളേജ് മേധാവി സാക്ഷ്യപ്പെടുത്തിയ പ്രബന്ധങ്ങൾ 31നകം ചെയർമാൻ, വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ്, തേക്കുംമൂട്, തിരുവനന്തപുരം: 695035 എന്ന വിലാസത്തിൽ അയയ്ക്കണം. നവംബറിൽ നടത്തുന്ന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനം നൽകും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10,000, 7,500, 5,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. ഫോൺ: 0471- 2304051, ഇ മെയിൽ- vmft.tvpm@gmail.com.