എഴുതിയതിലേറെയും കവിതകൾ. പക്ഷേ, ശ്രദ്ധിക്കപ്പെട്ടതൊക്കെയും സിനിമാഗാനങ്ങളും. കെ.ജയകുമാർ എന്ന കവിയെ മലയാളികൾക്ക് അടുത്തു പരിചയം തൊണ്ണൂറുകളിലെ ഹിറ്റ് പാട്ടുകളിലൂടെയാകും. സൗപർണികാമൃത വീചികൾ പാടും, കുടജാദ്രിയിൽ കുടികൊള്ളും... എന്നീ ഭക്തിസാന്ദ്രമായ ഗാനങ്ങളും ചന്ദനലേപ സുഗന്ധം... സൂര്യാംശു ഓരോ വയൽപൂവിലും...തുടങ്ങിയ പ്രണയം തുളുമ്പുന്ന ഗാനങ്ങളുമെല്ലാം പിറവി കൊണ്ടത് ആ പേനത്തുമ്പിലാണ്. അടുത്ത വർഷം സപ്‌തതിയിലേക്ക് കടക്കുന്ന തന്റെ കാവ്യജീവിതം ഇനിയും പൂർത്തിയായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
'ഐ.എ.എസിൽ എത്തിയതോടെയാണ് ജീവിതം കൂടുതൽ അടുത്തറിഞ്ഞത്. ഐ.എ.എസുകാരുടെ പത്രാസല്ല, വിവിധ സഹായങ്ങൾക്കായി എത്തുന്ന ആയിരക്കണക്കിന് ആളുകളുടെ അനുഭവങ്ങൾ എന്റെ ചിന്താധാരയിൽ വിശാലമായ കാഴ്‌ചപ്പാടാണ് ഒരുക്കിയത്. ഒരുപക്ഷേ, സിവിൽ സർവീസിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഞാൻ കേരളത്തിൽ അറിയപ്പെടുന്ന ഒരു കവിയായി ജീവിച്ചേനെ."
തന്റെ പാട്ടുകൾക്ക് ഒരുപാട് പ്രശസ്‌തി വന്നതുകാരണം കവിതകൾക്ക് വേണ്ടത്ര ആസ്വാദകശ്രദ്ധ കിട്ടിയോ എന്ന കാര്യത്തിലും ജയകുമാറിന് സംശയമുണ്ട്. സിനിമാഗാനങ്ങളേക്കാളേറെ കവിതകൾ എഴുതിയെങ്കിലും അവയൊന്നും കേരള സമൂഹം വേണ്ടവിധം ചർച്ച ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ബഹുമുഖ പ്രതിഭ
കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ വിശേഷണങ്ങൾ മാത്രമല്ല
സംസ്ഥാന ചീഫ് സെക്രട്ടറി പദവിയും തുഞ്ചത്ത് എഴുത്തച്‌ഛൻ മലയാള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ പദവിയും വഹിച്ചിട്ടുണ്ട്. പ്രശസ്‌ത ചലച്ചിത്രസംവിധായകനായ എം.കൃഷ്‌ണൻ നായരുടെയും സുലോചനയുടെയും മകനായി 1952 ഒക്‌ടോബർ 6 നാണ് ജയകുമാർ ജനിച്ചത്.
''അച്‌ഛൻ പ്രമുഖ സംവിധായകനായിരുന്നെങ്കിലും മക്കൾ പഠിത്തം കളഞ്ഞിട്ട് സിനിമയുടെ പിന്നാലെ പോകുന്നതിൽ അച്‌ഛന് ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. 21ാം വയസിൽ അച്‌ഛന്റെ സിനിമയ്‌ക്കാണ് ആദ്യം പാട്ടെഴുതുന്നത്. പിന്നീടും പാട്ടെഴുതാൻ മുതിർന്നെങ്കിലും പഠനം പൂർത്തിയാക്കിയ ശേഷം മതി ഇത്തരം കാര്യങ്ങളെന്ന് അച്‌ഛൻ കർശന നിർദ്ദേശം നൽകിയിരുന്നു'' ഡോ. കെ. ജയകുമാർ പറഞ്ഞു.
അദ്ധ്യാപകനിൽ നിന്ന് ഐ.എ.എസിലേക്ക്
കേരള സർവകലാശാലയിൽ അദ്ധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1978ൽ ഐ.എ.എസ്. ലഭിച്ചു. കോഴിക്കോട് അസി.കളക്‌ടറായിട്ടായിരുന്നു തുടക്കം. തുടർന്ന് ഒട്ടേറെ പദവികൾ വഹിച്ചു. 2012 മാർച്ച് 31 ന് സംസ്ഥാനത്തെ 36ാമത്തെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. ആ വർഷം ഒക്‌ടോബർ 31 ന് വിരമിച്ചു. 20ഓളം പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല പ്രശസ്‌ത കൃതികളുടെയും പരിഭാഷയും നിർവഹിച്ചു. വിവിധ നഗരങ്ങളിൽ ചിത്രപ്രദർശനം നടത്തി. കുട്ടികൾക്കായി സിനിമയെഴുതി സംവിധാനം ചെയ്‌തിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി ഇരുപതോളം പുരസ്‌കാരങ്ങൾക്കും അർഹനായി.
ഓരോ പാട്ടിലും വ്യത്യസ്‌തത കൊണ്ടുവരാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്.
''കേവലം ഒരു വിഗ്രഹത്തിന്റെ കേശാദിപാദ വർണ്ണനയല്ല എന്റെ ഭക്തിഗാനങ്ങൾ. ആന്തരികമായി ഒരു മനുഷ്യനിൽ ഉണ്ടാകേണ്ട പ്രാർത്ഥനകളാണ് ഭക്തികാവ്യങ്ങളായി ഞാൻ രചിച്ചിട്ടുള്ളത് '' ജയകുമാർ പറഞ്ഞു.