തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തലസ്ഥാനത്തെ തിയേറ്റർ കോംപ്ളക്‌സായ കൈരളി, ശ്രീ, നിള എന്നിവ നവീകരിക്കാനൊരുങ്ങി കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി). കേരള രാജ്യന്തര ചലച്ചിത്ര മേളയുടെ പ്രധാന വേദികളിൽ ഒന്ന് കൂടിയായ ഈ തിയേറ്റർ കോംപ്ളക്‌സിന്റെ സമഗ്ര നവീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ബെൽജിയത്തിൽ നിന്ന് പ്രൊജ്കടർ വാങ്ങും
തിയേറ്റർ കോംപ്ളക്‌സ് നവീകരിക്കുന്നതിന് 12 കോടിയുടെ പദ്ധതിയാണ് കെ.എസ്.എഫ്.ഡി.സി തയ്യാറാക്കിയിരിക്കുന്നത്. ഒന്നര വർഷത്തോളമായി തിയേറ്ററുകൾ അടഞ്ഞുകിടന്നതിനെ തുടർന്ന് കെ.എസ്.എഫ്.ഡി.സിക്ക് നഷ്ടമായത് 20 കോടി രൂപയാണെന്ന് കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ പറഞ്ഞു. തിയേറ്ററുകളിലെ സ്ക്രീനുകൾ ആധുനിക സാങ്കേതി വിദ്യയിലേക്ക് മാറ്റുന്നതിനൊപ്പം ഇവിടെ ഉപയോഗിക്കുന്ന പ്രൊജ്കടർ മാറ്റി പകരം ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത പുതിയ പ്രൊജക്ടർ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ പ്രൊജക്ടറുകൾ വാടകയ്‌ക്ക് എടുക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പ്രൊജക്ടറുകൾ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ബെൽജിയത്തിൽ നിന്ന് വാങ്ങുന്ന പ്രൊജ്കടറിന് 2.5 കോടിയാണ് വില. പ്രൊജ്കടറുകൾ വാടകയ്‌ക്ക് എടുക്കുമ്പോൾ നിരവധി പരിമിതികളുണ്ട്. കോൺട്രാക്ട് വ്യവസ്ഥയിൽ ആയതിനാൽ തന്നെ കാലത്തിന് അനുസരിച്ച് പരിഷ്‌കരിക്കുക സാദ്ധ്യമല്ല. എന്നാൽ, സ്വന്തം നിലയിൽ പ്രൊജ്കടർ വാങ്ങുന്നതോടെ സാങ്കേതിക വിദ്യയ്‌ക്കും കാലാനുസൃതമായും അവ അപ്ഗ്രേഡ് ചെയ്യാൻ തടസമൊന്നും ഇല്ല. സംസ്ഥാനത്ത് ആദ്യമായി ലേസർ പ്രൊജക്ടറുകൾ ഉപയോഗിച്ചത് കെ.എസ്.എഫ്.ഡി.സി ആണ്. മറ്റ് തിയേറ്ററുകൾ ലേസർ പ്രൊജക്ടറുകൾ ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയപ്പോൾ കെ.എസ്.എഫ്.ഡി.സി കോഴിക്കോട്ടെ തങ്ങളുടെ തിയേറ്ററിൽ നടപ്പാക്കിയിരുന്നു.
വരും, ഡോൾബി അറ്റ്മോസ്
സ്ക്രീനുകൾ എല്ലാം തന്നെ ഡോൾബി അറ്റ്മോസ് സീരിസിലേക്ക് മാറ്റും. ഇതുകൂടാതെ സോഫ സീറ്റിംഗ്, ആധുനിക നിലവാരത്തിലുള്ള ടോയ്‌ലെറ്റ് സൗകര്യങ്ങൾ, വി.ഐ.പി ലോഞ്ച് എന്നിവയും ഒരുക്കും. മൾട്ടിപ്ളക്‌സുകളിലെ സീറ്റുകളോട് കിടപിടിക്കുന്ന സീറ്രുകളാവും ഇനി സ്ഥാപിക്കുക. കുറഞ്ഞ നിരക്കിൽ എല്ലിവിധ സൗകര്യങ്ങളോടും കൂടിയ കാഴ്ചാനുഭവം പ്രേക്ഷകർക്ക് ഒരുക്കുകയാണ് ലക്ഷ്യമെന്ന് കെ.എസ്.എഫ്.ഡി.സി അധികൃതർ പറഞ്ഞു. സാധാരണ സീറ്റുകൾ കൂടാതെ സോഫ സീറ്റുകളും തിയേറ്ററുകളിൽ ഒരുക്കും. മികച്ച സൗണ്ട് പ്രൂഫിംഗ് സംവിധാനം മറ്റൊരു മേന്മയാണ്.
സുരക്ഷയ്‌ക്കും മുൻഗണന
തിയേറ്ററുകളുടെ സുരക്ഷയ്‌ക്കും മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് കെ.എസ്.എഫ്.ഡി.സി ഡയറക്ടർ മായ പറഞ്ഞു. തിയേറ്ററിലെ ലിഫ്‌റ്റുകൾ നവീകരിക്കുകയും അഗ്നിശമന സംവിധാനങ്ങൾ ആധുനികവത്കരിക്കുകയും ചെയ്യും. എത്രയും വേഗം പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിസബംറിൽ രാജ്യന്തര ചലച്ചിത്ര മേള നടക്കുമ്പോൾ അത്യാധുനിക സംവിധാനങ്ങളോടെയുള്ള മികച്ച ദൃശ്യാനുഭവം സിനിമാപ്രേമികൾക്ക് നൽകാനാകുമെന്ന പ്രതീക്ഷയാണ് ചലച്ചിത്ര വികസന കോർപ്പറേഷനുള്ളത്. അതേസമയം, കൊവിഡ് വ്യാപനത്തിന് ശമനം ഉണ്ടായെങ്കിലും സാഹചര്യം പൂർണമായും അനുയോജ്യമല്ലാത്ത നിലയാണുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.
ഒ.ടി.ടി പ്ളാറ്റ്ഫോമും
ചെലവ് കുറഞ്ഞ മുതൽ മുടക്കുള്ള സിനിമകൾക്കും സ്വതന്ത്ര സിനിമകളും പ്രദർശിപ്പിക്കുന്നതിനായി ഒടി.ടി പ്ളാറ്റ്ഫോം (ഓവർ ദ ടോപ്) ഒരുക്കാനും കെ.എസ്.എഫ്.ഡി.സി തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം മൊബൈൽ ആപ്പും വെബ്സൈറ്റും തയ്യാറാക്കും. അഞ്ച് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സിനിമകൾ നിർമ്മാതാക്കളിൽ നിന്ന് വില കൊടുത്ത് വാങ്ങുന്ന നിലവിലെ രീതിക്കു പകരം പ്രദർശനത്തിന്റെ വരുമാനം നിശ്ചിത ശതമാനം കണക്കാക്കി പങ്കുവയ്ക്കുന്ന രീതിയാവും സർക്കാർ ഒ.ടി.ടി യിൽ. സർക്കാരിനും നിർമ്മാതാക്കൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ് ഇത്. ഒരു തുക നിശ്ചയിച്ച് സിനിമ വാങ്ങിയാൽ അത്രയും തുകയിൽ കൂടുതൽ വരവുണ്ടായില്ലെങ്കിൽ ഒ.ടി.ടി ഉടമയ്ക്ക് നഷ്ടം വരും. അതുപോലെ തന്നെ ഒരു തുകയ്ക്ക് സിനിമ വിറ്റ ശേഷം എത്ര കൂടുതൽ വരുമാനം വന്നാലും നിർമ്മാതാവിന് അതിന്റെ ഒരു പങ്കുപോലും ലഭിക്കുകയുമില്ല. ഇതിന് പരിഹാരമായാണ് പുതിയ രീതി. കൊവിഡ് ലോക്ക് ഡൗൺ വന്നപ്പോഴാണ് തിയേറ്ററുകൾക്ക് ബദലായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ തുറന്നത്.