rahul-protest

ലക്‌നൗ: ലഖിംപൂർ സന്ദർശിക്കുന്നതിനു വേണ്ടിയുള്ള യാത്രാനുമതി ലഭിച്ചതിനെ തുടർന്ന് ലക്‌നൗ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ യാത്രാവാഹനത്തെ ചൊല്ലി തർക്കം. സംസ്ഥാനത്തിന്റെ ഔദ്യോഗിക വാഹനത്തിൽ മാത്രമേ രാഹുൽ ഗാന്ധി മരണമടഞ്ഞ കർഷകരുടെ കുടുംബങ്ങളിലേക്ക് പോകാവൂ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിലപാട് എടുത്തു. തന്റെ സ്വന്തം വാഹനത്തിൽ മാത്രമേ പോകുന്നുള്ളു എന്ന് രാഹുലും കർശന നിലപാട് സ്വീകരിച്ചതോടെ ഇരുപക്ഷവും തമ്മിൽ വാക്കേറ്റമായി.

സുരക്ഷാ ഉദ്യോഗസ്ഥർ പോകുന്ന വഴിയിൽ എന്തോ പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനാലാണ് തന്നെ ഔദ്യോഗിക വാഹനത്തിൽ പോകാൻ നിർബന്ധിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. പ്രശ്നം രൂക്ഷമായതോടെ രാഹുൽ ലക്‌നൗ വിമാനത്താവളത്തിനുള്ളിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ രാഹുലിനെ സ്വന്തം വാഹനത്തിൽ പോകാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചു.

ലഖിംപൂ‌ർ സന്ദർശിക്കാൻ അനുവാദം നൽകിയ ശേഷം ഉത്തർപ്രദേശ് സർക്കാർ ഇത്തരത്തിൽ പെരുമാറുന്നത് സംശയകരമാണെന്ന് രാഹുൽ പറഞ്ഞു. എന്ത് തരത്തിലുള്ള അനുമതിയാണിത്? എനിക്ക് ലഖിംപൂരിലേക്ക് പോകണം, എന്നാൽ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഇവർ സമ്മതിക്കുന്നില്ലെന്ന് രാഹുൽ പറ‌ഞ്ഞു.

നേരത്തെ, മരണമടഞ്ഞ നാലു കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകിയിരുന്നു. ലഖിംപൂരിലെത്തിയ ശേഷം രാഹുലും പ്രിയങ്കയും ലവ്പ്രീത് സിംഗിന്രെ വീട് ആദ്യം സന്ദർശിക്കുമെന്ന് കരുതുന്നു. അതിനു ശേഷം രാമൻ കശ്യപിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം നൻപാറയിലേക്ക് തിരിക്കുമെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. ഇവരെ കൂടാതെ എം എൽ എ രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള ആം ആദ്മി സംഘത്തിവും ലഖിംപൂർ സന്ദർശിക്കുന്നതിനുള്ള അനുവാദം നൽകിയിട്ടുണ്ട്. ഇന്നലെ ലഖിംപൂർ സന്ദർശിക്കാൻ എത്തിയ ഇവരെ 15 കിലോമീറ്റർ ദൂരെ വച്ച് പൊലീസ് കസ്റ്റ‌ഡിയിൽ എടുത്തിരുന്നു. ഇത്രയും നാളുകളായി ലഖിംപൂർ സന്ദർശിക്കണമെന്നുള്ള പ്രതിപക്ഷ പാർട്ടി നേതാക്കന്മാരുടെ ആവശ്യത്തിന് ഉത്തർപ്രദേശ് പൊലീസ് അനുമതി നൽകിയിരുന്നില്ല.

ഇന്ന് രാവിലെ രാഹുൽ ഗാന്ധി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെയും ബി ജെ പിക്കെതിരെയും കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. രാജ്യത്ത് ഏകാധിപത്യം ആണ് നടക്കുന്നതെന്നും ഭരണപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകളെ ചൂണ്ടിക്കാണിക്കാൻ പോലും പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും രാഹുൽ ആരോപിച്ചിരുന്നു.