meet

കാബൂൾ: ഐക്യരാഷ്​ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഡെബോറ ലയോൻസിന്റെ നേതൃത്വത്തിൽ ഭീകരസംഘടനയായ താലിബാനുമായി യു.എന്നിന്റെ പ്രത്യേക സംഘം ചൊവ്വാഴ്ച ചർച്ച നടത്തി.

ഇടക്കാല താലിബാൻ സർക്കാരിലെ സാംസ്​കാരിക വകുപ്പ്​ മന്ത്രി ഖൈറുല്ലാ ഖൈർക്വയായാണ് താലിബാനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്​. അഫ്​ഗാൻ ജനതയുടെ സുരക്ഷയ്ക്കും

സ്ഥിരതയു​ള്ള അഫ്​ഗാന് വേണ്ടിയും അന്താരാഷ്​ട്ര സമൂഹവും താലിബാനും ഒരുമിച്ച്​ പ്രവർത്തിക്കാവുന്ന മേഖലകൾ കണ്ടെത്തേണ്ട ആവശ്യകത ചർച്ചയിൽ ഇരു വിഭാഗത്തിനും ബോദ്ധ്യപ്പെട്ടതായി യു.എൻ സംഘം വ്യക്തമാക്കി.

അഫ്​ഗാൻ ജനതക്ക്​ സഹായം ലഭ്യമാക്കുന്നതിൽ​ അന്താരാഷ്​ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത താലിബാന്​ ബോദ്ധ്യപ്പെട്ടെന്നും യു.എൻ സംഘം അറിയിച്ചു. രാജ്യത്തിന്റെ നിലനിൽപ്പിനും വികസനത്തിനും അന്താരാഷ്​ട്ര സമൂഹവും താലിബാനും ധാരണാ മേഖലകൾ വികസിപ്പിക്കണമെന്നും യു.എൻ സംഘം നിർദ്ദേശിച്ചു.

മുൻ അഫ്ഗാൻ പ്രസിഡന്റായ ഹാമിദ്​ കർസായിയുമായി ഡെബോറ സെപ്തംബറിൽ ചർച്ച നടത്തിയിരുന്നു. അഫ്​ഗാൻ ജനതക്ക്​ സഹായങ്ങൾ ഉറപ്പാക്കുന്നതിന്റെ സാദ്ധ്യതകളാണ് ചർച്ചകളുടെ ലക്ഷ്യമെന്ന്​ ഡെബോറ ചൂണ്ടിക്കാട്ടിയിരുന്നു. അഫ്​ഗാനിൽ താലിബാൻ അധികാരം പിടിച്ചടക്കിയതിന് ശേഷമുള്ള ശേഷമുള്ള സാഹചര്യങ്ങളാണ്​ യു.എൻ സംഘം വിലയിരുത്തുന്നത്​.

അഫ്​ഗാനിന്റെ പടിവാതിൽക്കൽ സാമൂഹിക - സാമ്പത്തിക ദുരന്തമെത്തിയെന്നും

രാജ്യത്തിന്റെ സ്ഥിരതക്കും അന്താരാഷ്​ട്ര സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തിൽ അത്​ വളരാൻ സാദ്ധ്യതയുണ്ടെന്നും യൂറോപ്യൻ യൂണിയന്റെ വിദേശനയ ചുമതലയുള്ള ജോസഫ്​ ബോറൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

@ 13 ഹസാരകളെ താലിബാൻ വധിച്ചു

അഫ്​ഗാനിലെ ഗോത്രവർഗവിഭാഗമായ ഹസാര സമൂഹത്തിലെ 17 വയസ്സുള്ള പെൺകുട്ടിയുൾപ്പെടെ 13 പേരെ താലിബാൻ വധിച്ചെന്ന് ആംനസ്​റ്റി ഇൻറർനാഷനൽ. അഫ്​ഗാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഖിദ്​ർ ജില്ലയിൽ സൈന്യത്തിനുനേരെ നടന്ന ആക്രമണത്തിലാണ് ഹസാരകളെ താലിബാൻ വധിച്ചത്. കൊല്ലപ്പെട്ടവരിൽ 11 പേർ സൈനികരാണ്. ജില്ലയിൽ നിന്ന് സൈനികർ പലായനം ചെയ്യുന്നതിനിടെയാണ് താലിബാൻ ആക്രമണമഴിച്ചുവിട്ടത്. ഏറ്റുമുട്ടലിനിടെ മറ്റൊരു പ്രദേശവാസിയും മരിച്ചു.