uae

ദുബായ്: കൊവിഡിനെ വിജയകരമായി നേരിട്ട് യു എ ഇ സാധാരണ നിലയിലേക്ക്. കഴിഞ്ഞ മൂന്നുദിവസമായി കൊവിഡ് രോഗികളുടെ എണ്ണം ഇരുനൂറിൽ താഴെയാണ്. വിദ്യാലയങ്ങളും ഓഫീസുകളും പൂർണനിലയിൽ പ്രവർത്തിച്ചുതുടങ്ങിയോടെ രാജ്യം അതിവേഗം സാധാരണ നിലയിലേക്ക് തിരികെയെത്തുകയാണ്. ആയിരക്കണക്കിന് വരുന്ന മലയാളികളായ പ്രവാസികൾക്കും ആശ്വാസവാർത്തയാണിത്.

യു എ ഇയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങുമ്പോൾ, ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു എന്നാണ് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറയുന്നത്. ഭരണാധികാരികളും ജനങ്ങളും ഒരേമനസോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ നേട്ടത്തിന് കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കൊവിഡ് പ്രതിസന്ധി ഉണ്ടായപ്പോൾത്തന്നെ അതിനെ സമർത്ഥമായി നേരിടാനുള്ള വഴികൾ നടപ്പാക്കി. ദിവസേനയുള്ള അണുബാധ കുറയ്ക്കാൻ ഇത് ഏറെ സഹായകമായി.

ലണ്ടൻ ആസ്ഥാനമായുള്ള അനലിറ്റിക്സ് കൺസോർഷ്യം ഡീപ് നോളജ് ഗ്രൂപ്പ് (ഡി കെ ജി) അബുദാബിയെ കൊവിഡ് പ്രതിരോധത്തിൽ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായാണ് റാങ്ക് ചെയ്തിരിക്കുന്നത്. ആഗോള റാങ്കിംഗിൽ ദുബായ് അഞ്ചാം സ്ഥാനം നേടി.

കൊവിഡ് പ്രതിരോധ വാക്സിൻ എറ്റവും കൂടുതൽ പേർക്ക് നൽകിയ രാജ്യവും യു എ ഇയാണ്. ജനങ്ങളിൽ 95 ശതമാനം പേർക്കും ആദ്യഡോസ് നൽകി.പൂർണമായി വാക്സിനേഷൻ നൽകിയത് 85 ശതമാനത്തോളം പേർക്കാണ്.