suicide-attempt

ചെന്നൈ: തമിഴ് സൂപ്പർ താരം അജിത്തിന്റെ വീടിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. കഴിഞ്ഞ ദിവസം നടന്റെ വീടിന് മുന്നിൽ എത്തിയ ഫർസാന എന്ന യുവതി താരത്തെ കാണാനാകാത്തതിന്റെ നിരാശയിൽ സ്വയം തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പൊലീസ് ഇടപ്പെട്ട് ശ്രമം വിഫലമാക്കി.

ഫർസാന ചെന്നൈയിലെ ടെയ്നാംപ്പേട്ടിന് സമീപമുള്ള ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. 2020ൽ അജിത്തും ഭാര്യ ശാലിനിയും ഈ ആശുപത്രിയിൽ എത്തിയപ്പോൾ ഫർസാന ഇവരോടൊപ്പം വീഡിയോ എടുക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ വൈറലായതോടെ ആശുപത്രി അധികൃതർ തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഫർസാനയെ ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. തുടർന്ന് തനിക്ക് ജോലി തിരികെ ലഭിക്കുവാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഫർസാന അജിത്തിന്റെ ഭാര്യ ശാലിനിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇതേ ആവശ്യവുമായി കഴിഞ്ഞ ദിവസം ഫർസാനയും മറ്റൊരു യുവതിയും അജിത്തിന്റെ വീടിനുമുന്നിലെത്തിയെങ്കിലും പുറത്തുണ്ടായിരുന്ന പൊലീസുകാർ താരത്തെ കാണാൻ അനുവദിച്ചില്ല. ഇതേ തുടർന്നാണ് ഫർസാന തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് യുവതിക്ക് പൊലീസ് കൗൺസലിംങ് നൽകുകയും വീട്ടിലേക്ക് തിരികെ അയക്കുകയും ചെയ്തു. ആത്മഹത്യ ശ്രമത്തിന് കേസെടുത്തില്ലെന്ന് പൊലീസ് അറിയിച്ചു.