സ്റ്റോക്ക്ഹോം: രസതന്ത്ര നോബൽ പുരസ്കാരത്തിന് ജർമ്മൻ ഗവേഷകനായ ബഞ്ചമിൻ ലിസ്റ്റ് (53), ബ്രിട്ടീഷ് വംശജനായ അമേരിക്കൻ ഗവേഷകൻ ഡേവിഡ് വില്യം ക്രോസ് മാക്മില്ലൻ (53) എന്നിവർ അർഹരായി. പുതിയ രീതിയിലുള്ള രാസത്വരക സമ്പ്രദായം (അസിമ്മെട്രിക് ഓർഗാനോ കാറ്റലിസിസ്) വികസിപ്പിച്ചതിനാണ് പുരസ്കാരം. ലോഹങ്ങൾ, രാസാഗ്‌നികൾ എന്നിങ്ങനെ രണ്ടിനം രാസത്വരകങ്ങൾ മാത്രമാണുള്ളതെന്ന ധാരണയാണ് ഇവർ തിരുത്തിയത്. രസതന്ത്ര മേഖലയെ കൂടുതൽ ഹരിതാഭമാക്കാൻ അസിമ്മെട്രിക് ഓർഗാനോ കാറ്റലിസിസ് സഹായിക്കും.
സമ്മാനത്തുകയായ ഒരു കോടി സ്വീഡിഷ് ക്രോണർ (8.51 കോടി രൂപ) ഇരുവർക്കും പകുത്ത് നൽകും. മനുഷ്യകുലത്തിന് ഏറെ സഹായകമാകുന്നതും രസതന്ത്രത്തിൽ ഏറെ നിർണായകമായതുമായ കണ്ടുപിടിത്തമാണിതെന്ന് സ്വീഡിഷ് അക്കാഡമി വിലയിരുത്തി. പുതിയ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ രൂപപ്പെടുത്താനും സൗരോർജ്ജ സെല്ലുകളിൽ സൂര്യപ്രകാശത്തിൽ നിന്നുള്ള ഊർജ്ജം കൂടുതൽ ആഗിരണം ചെയ്യാനുമെല്ലാം സഹായിക്കുന്ന തന്മാത്രകൾ രൂപപ്പെടുത്താൻ ഓർഗാനോ കാറ്റലിസിസ് സഹായകമാകും.
ജർമ്മനിയിലെ ഫ്രാങ്ക്ഫുർട്ടിലെ ഗെയ്ഥെ യൂണിവേഴ്സിറ്റിൽ നിന്ന് പിഎച്ച്.ഡി എടുത്ത ലിസ്റ്റ് ഇപ്പോൾ കോളോൺ സർവകലാശാലയുടെ ഡയറക്ടറും മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൾ റിസർച്ചിലെ പ്രൊഫസറും ഹൊക്കിയാഡോ സർവകലാശാലയിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമാണ്. കാലിഫോർണിയ സർവകലാശാലയിൽ നിന്നാണ് മാക്മില്ലൻ പിഎച്ച്. ഡി എടുത്തത്. ഇപ്പോൾ പ്രിൻസ്റ്റൻ സർവകലാശാലയിൽ പ്രൊഫസറാണ്.
സാഹിത്യ നോബൽ പുരസ്കാരം ഇന്നും സമാധാന നോബൽ നാളെയും പ്രഖ്യാപിക്കും. സാമ്പത്തിക നോബൽ 11ന് പ്രഖ്യാപിക്കും. ഡിസംബർ 10നാണ് പുരസ്കാര വിതരണം.