കൊച്ചി: 1963ൽ കാർട്ടൂണിസ്റ്റുകളുടെ കുലപതി ശങ്കറിന്റെ ശിഷ്യനായി ഡൽഹിയിൽ ശങ്കേഴ്‌സ് വീക്ക്‌ലിയിൽ ചേർന്ന യേശുദാസൻ, ദാസ് എന്ന പേരിലാണ് വര തുടർന്നത്. പിന്നീട് കേരളത്തിലെത്തി 1969 മുതൽ 'ബാലയുഗം' കുട്ടികളുടെ മാസികയുടെ എഡിറ്ററായി. 'അസാധു' രാഷ്ട്രീയ മാസിക, സിനിമാ ഹാസ്യമാസികയായ 'കട്ട് കട്ട്', 'ടക് ടക് ' എന്നിവ ആരംഭിച്ചു.
മൂർച്ചയേറിയ ആക്ഷേപഹാസ്യത്തിന്റെ ചൂട് സിനിമയിലേക്കും പകർന്ന അദ്ദേഹം കെ.ജി. ജോർജ് സംവിധാനം ചെയ്ത 'പഞ്ചവടിപ്പാല'ത്തിന്റെ സംഭാഷണവും എ.ടി. അബു സംവിധാനം ചെയ്ത 'എന്റെ പൊന്നുതമ്പുരാ'ന്റെ തിരക്കഥയും രചിച്ചു.
മെട്രൊ വാർത്ത, ദേശാഭിമാനി എന്നിവയിലും കാർട്ടൂണുകൾ വരച്ചു. നിരവധി ഇംഗ്ളീഷ്, ഹിന്ദി പ്രസിദ്ധീകരണങ്ങളിലും വരച്ചിട്ടുണ്ട്. പ്രത്യേക ശൈലിയിൽ കാരിക്കേച്ചറുകൾ വരയ്ക്കുന്നതിലും ശ്രദ്ധേയനാണ്.
കേരള കാർട്ടൂൺ അക്കാഡമി സ്ഥാപക അദ്ധ്യക്ഷൻ, കേരള ലളിതകലാ അക്കാഡമി ഉപാദ്ധ്യക്ഷൻ, അദ്ധ്യക്ഷൻ എന്നീ പദവികളും വഹിച്ചു.
അണിയറ, പ്രഥമദൃഷ്ടി, പോസ്റ്റ്‌മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, 9 പുരാനാ കില എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ കാർട്ടൂൺ അവാർഡ് ലഭിച്ചു. നാഷണൽ ഫിലിം അക്കാഡമി, കാർട്ടൂണിസ്റ്റ് ശിവറാം ട്രസ്റ്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കാർട്ടൂണിസ്റ്റ്സ്, ബഹ്റൈൻ കേരളീയ സമാജം എന്നിവയുടേതുൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.