muttil

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത വനംവകുപ്പ് മേധാവിയുടെ വിവാദ ഉത്തരവ് മന്ത്രി മരവിപ്പിച്ച് മണിക്കൂറുകൾ മാത്രമായിട്ടേയുള‌ളു. ഇതിനിടെ മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. വയനാട്ടിലെ മുട്ടിലിൽ നിന്ന് കടത്തിയ ഈട്ടിത്തടി എറണാകുളത്ത് നിന്ന് പിടികൂടിയ ഫോറസ്‌റ്റ് ഓഫീസർ എം.കെ സമീറിനെ വാളയാർ ഫോറസ്‌റ്റ് ഇൻസ്‌റ്റി‌റ്റ്യൂട്ടിലേക്കാണ് സ്ഥലംമാറ്റിയത്. മേപ്പാടിയിലെ ഫോറസ്‌റ്റ് ഓഫീസറാണ് ഇദ്ദേഹം.

കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇവർ കുറ്റം നിഷേധിച്ചതുകൊണ്ടാണ് തിരികെ സർവീസിലെടുത്തതെന്നാണ് നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ വിനോദ് കുമാ‌ർ.ഡി.കെ ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്.

അതേസമയം മരംമുറി കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണെന്നും ഇതുമായി ബന്ധമുള‌ള വിഷയങ്ങളിലെല്ലാം അന്വേഷണമുണ്ടാകുമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇതുവരെയുള‌ള അന്വേഷണ റിപ്പോർട്ടുകൾ പ്രത്യേക സംഘത്തിന് കൈമാറാൻ ഉത്തരവിട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കാമെന്നും മന്ത്രി അറിയിച്ചു.