kk

കൊച്ചി: കൊവിഡ് നെഗറ്റീവായ ശേഷം ഒരുമാസത്തെ കൊവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി. കൊവിഡ് ചികിത്സ സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതി ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. ​കൊവിഡാനന്തര രോഗങ്ങൾ കൂടിവരുന്ന സാഹചര്യമാണ്. കൊവിഡ് നെഗറ്റീവായ ശേഷമുള്ള മരണങ്ങള്‍ കൊവിഡ് മരണങ്ങളായി തന്നെ കണക്കാക്കുന്ന സാഹചര്യത്തില്‍ ചികിത്സകൂടി എന്തുകൊണ്ട് സൗജന്യമാക്കികൂടാ എന്നും കോടതി ചോദിച്ചു.

അതേസമയം മൂന്ന് ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരോടാണ് ചെറിയ തുക ഈടാക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 27000 രൂപ ശമ്പളമുള്ള ഒരാള്‍ക്ക് ഒരുമാസത്തെ ചികിത്സാതുക തന്നെ ഇത്രത്തോളം വരുമെന്നും ഭക്ഷണം ഉള്‍പ്പെടെയുള്ള മറ്റു ചെലവുകള്‍ രോഗികള്‍ എങ്ങനെ കണ്ടെത്തുമെന്നും കോടതി ചോദിച്ചു. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്‍മാരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി ഒക്ടോബര്‍ 27ന് വീണ്ടും പരിഗണിക്കും.