tripura-mla

അഗർത്തല: ത്രിപുരയിലെ മുതിർന്ന ബി.ജെ.പി നേതാവും സുർമ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയുമായ ആശിഷ് ദാസ് പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക്. സംസ്ഥാനത്തെ ബി.ജെ.പി സർക്കാരിനെ രൂക്ഷമായി വിമർശിച്ച ആശിഷ്, ബി.ജെ.പിയുടെ ദുഷ്പ്രവർത്തികൾക്കുള്ള പ്രായച്ഛിത്തമെന്ന നിലയിൽ തല മൊട്ടയടിച്ച് ഗംഗാനദിയിൽ മുങ്ങി. കൊൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ അദ്ദേഹം പ്രത്യേക പൂജയും യജ്ഞവും നടത്തി. ഈ ക്ഷേത്രത്തിന് അടുത്താണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വീട്.

ബി.ജെ.പി ത്രിപുരയിൽ രാഷ്ട്രീയ അരാജകത്വവും കലാപവും വളർത്തുകയാണെന്ന് ആശിഷ് ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണെന്നും അതിനാൽ താൻ പാർട്ടി വിട്ടുകയാണെന്നും ആശിഷ് കൊൽക്കത്തയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ മമതാ ബാനർജിയെ പുകഴ്ത്തിയ ആശിഷ്, മമത പ്രധാനമന്ത്രിപദത്തിന് യോഗ്യയാണെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ അതിരൂക്ഷ വിമർശകനായിരുന്നു ആശിഷ്. ഇദ്ദേഹം ഉടൻ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. 2023ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ തൃണമൂൽ കോൺഗ്രസിന് വലിയ പ്രതീക്ഷകളുണ്ട്.