anwar

നിലമ്പൂർ: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാത്തതിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിച്ച വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി പി.വി അൻവർ എംഎൽ‌എ. എപ്പോൾ വരണം എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നന്നായറിയാം. ധാർമ്മികതയെ കുറിച്ച് പ്രതിപക്ഷ നേതാവ് പറയേണ്ടെന്നും അൻവർ പറഞ്ഞു.

' പി.വി അൻവർ നിയമസഭയിലെത്തിയില്ല എന്ന അങ്ങയുടെ പരാതി എന്നെ അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ അഞ്ചര വർഷക്കാലം ജീവിതത്തിലൊരിക്കലും പി.വി അൻവർ നിയമസഭയിലെത്തരുതെന്ന് കരുതി എനിക്കെതിരെ പ്രവർത്തിച്ച പാർട്ടിയുടെ നേതാവാണ് അങ്ങ്. നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുൾപ്പടെയുള‌ളവരെ അണിനിരത്തിയിട്ടും പരാജയപ്പെടുത്താനായില്ല.' അൻവർ പറഞ്ഞു.

രാഹുൽ ഗാന്ധി ഇന്ത്യ വിട്ടുപോകുമ്പോൾ ഏത് രാജ്യത്തേക്ക് പോകുന്നെന്ന് പോലും പറയാറില്ല. ഇന്ത്യൻ ഇന്റലിജൻസിന് പോലും അറിയില്ല. വയനാട്ടിൽ നിന്ന് ജയിച്ചുപോയ രാഹുൽ ഗാന്ധി കേരളത്തിലേക്ക് എപ്പോഴാണ് വരാറുള‌ളതെന്നും 'സ്വന്തം ഗുരുവിനെ കുതികാൽവെട്ടി താനിരിക്കുന്ന സ്ഥാനത്തിന് പിന്നിലേക്കാക്കിയ നേതാവായ സതീശൻ ധാർമ്മികത പഠിപ്പിക്കണ്ട' എന്നും പി.വി അൻവർ പറഞ്ഞു. നിയമസഭയിൽ എപ്പോൾ വരണം എങ്ങനെ പ്രവർത്തിക്കണം എങ്ങനെ പൊതുജനങ്ങളോട് പെരുമാറണമെന്നൊക്കെ തനിക്കറിയാം.അതിന് സഹായവും ഉപദേശവും വേണ്ടെന്നും പി.വി അൻവർ മറുപടി നൽകി.